കോവിൽത്തോട്ടത്ത് പുതിയ പാലത്തിന്റെ പൈലിങ് തുടങ്ങി

കോവിൽത്തോട്ടത്ത് നിർമിക്കുന്ന പാലത്തിന്റെ പൈലിങ് ആരംഭിച്ചപ്പോൾ


ചവറ ചവറ–- പന്മന പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ ടി എസ് കനാലിനു കുറുകെ കോവിൽത്തോട്ടത്ത് നിർമിക്കുന്ന പാലത്തിന്റെ പൈലിങ് ആരംഭിച്ചു. ഇതോടെ പുതിയ പാലം എന്ന ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ്‌ യാഥാർഥ്യമാകുന്നത്‌. 8.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ മേൽനോട്ടം  ഹാർബർ എൻജിനിയറിങ് വിഭാഗത്തിനാണ്‌. കെഎംഎംഎല്ലും ഇന്ത്യൻ ഉൾനാടൻ ജല അതോറിറ്റിയും തുക തുല്യമായി വഹിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണക്കരാർ ഏറ്റെടുത്തിട്ടുള്ളത്. 9.93 മീറ്റർ വീതിയും 45മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. പാലം നിർമാണത്തിനു മാത്രം ആറുകോടി രൂപയാണ്‌. ബാക്കിത്തുക ഉപയോഗിച്ച് അപ്രോച്ച് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. പാലം കോവിൽത്തോട്ടത്ത് വന്നിറങ്ങുന്ന ഭാഗത്തുള്ള സെന്റ്‌ ലിഗോറിയസ് സ്കൂൾ പൊളിച്ചുനീക്കും. അതിനു പകരമായി 1.5 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട്‌ ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള കെട്ടിടം കെഎംഎംഎൽ നിർമിച്ചുനൽകും. സ്കൂൾ താൽക്കാലികമായി ശങ്കരമംഗലം ഗവ. ഗേൾസ് ഹൈസ്കൂൾ കെട്ടിടത്തിലേക്കു മാറ്റിയിരിക്കുകയാണ്. കാലപ്പഴക്കമുള്ള കുത്തനെയുള്ള കോൺക്രീറ്റ് നടപ്പാതയിലൂടെയാണ് കോവിൽത്തോട്ടം പ്രദേശത്തേക്ക് നിവാസികൾ എത്തുന്നത്. ഈ നടപ്പാലവും ഉടൻ പൊളിച്ചുനീക്കും. പകരം താൽക്കാലിക സംവിധാനം ഏർപ്പെടുത്തും. പുതിയ പാലം പൂർത്തിയാകുന്നതോടെ കെഎംഎംഎൽ എംഎസ് യൂണിറ്റിലേക്ക് ചരക്കുഗതാഗതവും സുഗമമാകും. നിലവിൽ ജങ്കാർ വഴിയാണ് ചരക്കുഗതാഗതം. അന്തരിച്ച മുൻ എംഎൽഎ എൻ വിജയൻപിള്ളയുടെയും സുജിത് വിജയൻപിള്ള എംഎൽഎയുടെയും ഇടപെടലിലാണ് പാലം യാഥാർഥ്യമാകുന്നത്. ഏറെക്കാലത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. Read on deshabhimani.com

Related News