ഗോപാലൻ സാറിന് പത്രമെന്നാൽ ദേശാഭിമാനിയാണ്
പത്തനാപുരം ഗോപാലൻ സാർ 64 വർഷമായി തുടരുന്നതാണ് ദേശാഭിമാനിയുമായുള്ള ബന്ധം. ദേശാഭിമാനി വായനയിലൂടെയാണ് മാങ്കോട് സോണി ഭവനത്തിൽ ഗോപാലന്റെ ഒരു ദിവസം ആരംഭിക്കുന്നതുതന്നെ. കാഴ്‌ചയ്‌ക്ക് ചെറിയ പരിമിതിയുണ്ട് ഇപ്പോൾ. 86–-ാമത്തെ വയസ്സിലും പത്രവായന എന്ന ആ പതിവിനു മാത്രം മാറ്റമുണ്ടായിട്ടില്ല. സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന ഒരുതവണ വീട്ടിൽനിന്നു പത്രം രാവിലെ എത്തിച്ചുകൊടുത്തതിനെപ്പറ്റി ബന്ധുക്കൾ പറഞ്ഞു. ചിലപ്പോൾ രാവിലത്തെ ആദ്യ ചോദ്യംതന്നെ പത്രം വന്നില്ലേ എന്നാകും. ദേശാഭിമാനി എവിടെ എന്നാണ് അതിനർഥം. 1960ൽ അധ്യാപക ജോലിയിൽ പ്രവേശിച്ച ഗോപാലൻ മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നാണ് വിരമിച്ചത്. മലപ്പുറത്തായിരുന്നു ആദ്യം ഉദ്യോഗം. സ്വന്തമായി വരുമാനം ലഭിച്ച നാൾമുതൽ പത്രത്തിന്റെ സ്ഥിരം വരിക്കാരനായി. വാർഷിക വരിസംഖ്യയുടെ കാലാവധി കഴിയുന്നതിന് ഒരു മാസം മുമ്പേതന്നെ വാർഷിക തുകയുടെ ചെക്ക് ദേശാഭിമാനി ഓഫീസിൽ എത്തിക്കുന്നതാണ് പതിവ്. ദേശാഭിമാനി വാരികയും ചിന്തയുടെയും വരിക്കാരനാണ്. ഇവയെല്ലാം സൂക്ഷിച്ചുവയ്‌ക്കുന്ന പതിവുമുണ്ട്. ചെറുപ്പത്തിൽതന്നെ പുരോഗമന ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്നു. വിദ്യാഭ്യാസകാലത്തുതന്നെ വായനയിലേക്കും കടന്നുവന്നു. മലയോര മേഖലയായ മാങ്കോട്ട് താമസമായതോടെ പത്തനാപുരത്തുനിന്നും കലഞ്ഞൂർനിന്നുമൊക്കെ പത്രം ബസിൽ കൊണ്ടുവരുന്നത് കാത്തുനിന്ന് വാങ്ങുമായിരുന്നു. വായിച്ചുകഴിഞ്ഞാൽ പത്രം മാങ്കോട് സ്കൂളിലെ സ്റ്റാഫ് റൂമിലേക്കാണ്. വായനക്കാരൻ മാത്രമല്ല താൻ ഒരു പത്രപ്രചാരകൻകൂടിയായിരുന്നു എന്ന് ഗോപാലൻ സാർ പറയാതെ പറഞ്ഞു. Read on deshabhimani.com