വികസനത്തിനു കുതിപ്പേകി പുതുപാലം



കരുനാഗപ്പള്ളി തീരദേശ ഗ്രാമങ്ങളുടെ വികസനത്തിനൊപ്പം ടൂറിസം, ഗതാഗതരംഗത്ത്‌ വൻ കുതിപ്പിന്‌ വഴിയൊരുക്കുന്നതാണ്‌ അഴീക്കൽ–- വലിയഴീക്കൽ പാലം. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഴീക്കൽ അഴിമുഖത്തിനു കുറുകെയുള്ള പാലം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബോസ്ട്രിങ്‌ ആർച്ച് പാലമാണ്. നീളത്തിന്റെ കാര്യത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനവും ഈ പാലത്തിനുതന്നെ. അപ്രോച്ച് റോഡ് ഉൾപ്പെടെ 1.216 കിലോമീറ്ററാണ്‌ നീളം. 12 മീറ്റർ ഉയരത്തിൽ 110 മീറ്റർ നീളത്തിലുള്ള ആർച്ച് സ്പാനുകളാണുള്ളത്‌. മദ്രാസ് ഐഐടിയിലെ ഡോ. പി കെ അരവിന്ദൻ രൂപകൽപ്പന ചെയ്ത പാലത്തിന്‌ 29 സ്പാനാണുള്ളത്. 146 കോടി ചെലവിൽ എൽഡിഎഫ് സർക്കാരാണ്‌ പാലം യാഥാർഥ്യമാക്കിയത്. |   സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ നിർമാണത്തിൽ അവലംബിച്ച ഇന്റർനാഷണൽ ഓറഞ്ച് നിറമാണ് അഴീക്കൽ -–- വലിയഴീക്കൽ പാലത്തിനും ഉപയോഗിച്ചിരിക്കുന്നത്. ഓറഞ്ചിനു പുറമേ ക്രീം നിറംകൂടി ചേർത്ത്‌ മനോഹര ദൃശ്യഭംഗിയായി പാലത്തെ മാറ്റിയിരിക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. പാലം പൂർത്തിയായതോടെ വലിയഴീക്കല്‍, അഴീക്കല്‍ ഗ്രാമങ്ങളിലെ വിനോദസഞ്ചാരമേഖലയ്‌ക്കും ഉണർവായി. അഴീക്കൽ ബീച്ച്‌, അമൃതാനന്ദമയി മഠം, ആയിരംതെങ്ങ് കണ്ടൽപാർക്ക്, അഴീക്കൽ ഹാർബർ, ഫിഷ് ഫാം എന്നിവയെ ബന്ധിപ്പിച്ച് ടൂറിസംരംഗത്ത് വൻ കുതിച്ചുചാട്ടത്തിനും വഴിയൊരുങ്ങുകയാണ്‌. വലിയഴീക്കലില്‍ ലൈറ്റ് ഹൗസിലേക്കും സന്ദർശകർ എത്തുന്നു. വലിയഴീക്കലിൽനിന്ന് അഴീക്കലില്‍ എത്തുന്നതിനുള്ള യാത്രയിൽ 25 കിലോമീറ്ററോളം ദൂരം ലാഭിക്കാനായി. ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായാല്‍ തൃക്കുന്നപ്പുഴ-–- വലിയഴീക്കല്‍ തീരദേശ റോഡിലൂടെ ഇരുജില്ലകളിലേക്കും പ്രവേശിക്കാനും പാലം വന്നതോടെ സാധ്യമായി.   Read on deshabhimani.com

Related News