പൊൻകുന്നത്തെ 
‘വെള്ളമടി ’ ഉന്തുവണ്ടിയിൽ

പൊൻകുന്നം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉന്തുവണ്ടിയൽ 
വെള്ളമെത്തിക്കുന്ന സന്തോഷ് ഭാസ്കരൻ


  പൊൻകുന്നം പൊൻകുന്നം ചിത്രാഞ്ജലി ഈറ്റുവേലിൽ സന്തോഷ് ഭാസ്കരൻ   ‘വെള്ളമടിച്ചില്ലേൽ’ പൊൻകുന്നത്തെ വ്യാപാരികൾ ആകെ കുഴയും. ഹോട്ടലുകളിലടക്കം ദൈനംദിന ആവശ്യങ്ങൾക്കാണ്‌ സന്തോഷിനെ ആശ്രയിക്കുന്നത്‌.  ഉന്തുവണ്ടിയിൽ വെള്ളം നിറച്ച വീപ്പയുമായി ഹോട്ടലുകളിലും മറ്റും എത്തുന്ന സന്തോഷ്‌ കലത്തിൽ അത്‌ പകർന്നുനൽകും. മൂന്നരപതിറ്റാണ്ടായി സന്തോഷിന്റെ വരുമാനമാണ്‌ ഈ വെള്ളം നിറയ്‌ക്കൽ.  ഒരു ദിവസം സന്തോഷ് അവധിയെടുത്താൽ പൊൻകുന്നത്തെ മുപ്പതോളം വ്യാപാരികൾ വെള്ളം കിട്ടാൻ മറ്റുവഴി തേടേണ്ടി വരും. അതുകൊണ്ട് തന്നെ സന്തോഷും ഉന്തുവണ്ടിയും ഏത് മഴയിലും വെയിലിലും സജ്ജമാണ്.  പൊൻകുന്നം ടൗണിലെ പൊതുകിണറിൽ നിന്നാണ്‌ വെള്ളം കോരുന്നത്‌.  ഉന്തുവണ്ടിയിൽ സ്ഥാപിച്ച വീപ്പയിലേയ്ക്ക്‌ കിണർജലം നിറയ്ക്കും.  കടകൾക്കുള്ളിലെ പാത്രങ്ങളിൽ നിറയ്‌ക്കാനാണ്‌ കലത്തിന്റെ ഉപയോഗം. ഒരു വീപ്പ വെള്ളത്തിന് ദൂരമനുസരിച്ച്‌ നൂറു രൂപ വരെയും ഒരു കലം വെള്ളത്തിന് 10   മുതൽ 15 രൂപ വരെയും വാങ്ങും. പുലർച്ചെ രണ്ടിന്‌   ആരംഭിക്കുന്ന ജോലി രാവിലെ പത്ത്  വരെ തുടരും. സന്തോഷിനെ കൂടാതെ ഏതാനും പേർ  ഈ ജോലി ചെയ്‌തെങ്കിലും കൊറോണ കാലത്ത് അവരും നിർത്തി.  പൊൻകുന്നം ടൗണിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു മുമ്പ്‌ സന്തോഷ്‌. ഒരു ദിവസം ഹോട്ടലിൽ വെള്ളം കോരുന്ന തൊഴിലാളി വന്നില്ല. തുടർന്ന്   ആ ജോലി ഏറ്റെടുത്ത സന്തോഷിന്‌ അത്‌ ഉപജീവനമാർഗമായി.  ഭാര്യയും, രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും, കൊച്ചുമകനും അടങ്ങുന്നതാണ് കുടുംബം.   Read on deshabhimani.com

Related News