സിപിഐ എം വാഴൂർ, വൈക്കം ഏരിയ സമ്മേളനങ്ങൾക്ക് കൊടി ഉയർന്നു
പൊൻകുന്നം സിപിഐ എം വാഴൂർ ഏരിയ സമ്മേളനത്തിന് പൊൻകുന്നം വർക്കി നഗറിൽ(പൊൻകുന്നം രാജേന്ദ്രമൈതാനം) പതാക ഉയർന്നു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിയ പതാക, കൊടിമരം, കപ്പി-, കയർ, ബാനർ ജാഥകളെ സ്വീകരിച്ചശേഷം സംഘാടകസമിതി ചെയർമാൻ അഡ്വ. ഗിരീഷ് എസ് നായർ പതാകയുയർത്തി. ശനി, ഞായർ ദിവസങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പൊൻകുന്നം പഞ്ചായത്ത് ടൗൺ ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്ഘാടനം ചെയ്യും. 18 ഏരിയ കമ്മിറ്റിയംഗങ്ങളും ഏഴ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 140 പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചിന് വൈകിട്ട് നാലിന് ഇരുപതാം മൈലിൽനിന്നു ചുവപ്പുസേനാ മാർച്ചും പ്രകടനവും ആരംഭിക്കും. തുടർന്ന് അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ(പൊൻകുന്നം ഗവ. ഹൈസ്കൂളിന് സമീപം) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. വൈക്കം നാലുവരെ വെച്ചൂരിൽ നടക്കുന്ന സിപിഐ എം വൈക്കം ഏരിയ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിയ പതാക, കൊടിമരം, കപ്പി-, കയർ, ബാനർ ജാഥകളെ സ്വീകരിച്ചശേഷം ഏരിയ സെക്രട്ടറി കെ അരുണൻ, സംഘാടകസമിതി ചെയർമാൻ കെ കെ ഗണേശൻ എന്നിവർ ഏറ്റുവാങ്ങി. പൊതുസമ്മേളന നഗറിൽ സംഘാടകസമിതി ചെയർമാൻ കെ കെ ഗണേശൻ പതാക ഉയർത്തി. ശനി-, ഞായർ ദിവസങ്ങളിലായി സ. കോടിയേരി ബാലകൃഷ്ണൻ നഗറിൽ(ഇടയാഴം രുഗ്മിണി ഓഡിറ്റോറിയത്തിൽ) നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ഏരിയയിലെ 10 ലോക്കൽ കമ്മിറ്റികളിൽനിന്നായി 145 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറി എ വി റസ്സൽ, സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ് എന്നിവർ പങ്കെടുക്കും. തിങ്കൾ വൈകിട്ട് അഞ്ചിന് വെച്ചൂർ ബണ്ട് റോഡിൽനിന്നു ആരംഭിക്കുന്ന റാലിക്ക് ശേഷം ഇടയാഴത്ത് നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com