ചാണ്ടി ഉമ്മൻ എംഎൽഎ അവഗണന അവസാനിപ്പിക്കണം: സിപിഐ എം
പുതുപ്പള്ളി മണ്ഡലത്തിലെ വികസനപദ്ധതികളോട് അവഗണന കാണിക്കുന്ന ചാണ്ടി ഉമ്മൻ എംഎൽഎയുടെ സമീപനം അവസാനിപ്പിക്കണമെന്ന് സിപിഐ എം പുതുപ്പള്ളി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതുപ്പള്ളിയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിൽ തുടരുന്ന അവഗണനയും പുതുപ്പള്ളി പഞ്ചായത്തിന്റെ ടർഫ് പൂർത്തീകരണത്തിന് ഫണ്ട് അനുവദിക്കാത്ത നിഷേധാത്മക സമീപനവും എംഎൽഎ അവസാനിപ്പിക്കണം. മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്തുകൾ ജൽജീവൻ മിഷൻ പദ്ധതി ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പദ്ധതിയുടെ നിർമാണത്തിന്റെ ഭാഗമായി തകർന്ന ഗ്രാമീണ റോഡുകൾ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിക്കാൻ കഴിയുന്നതല്ല. എംഎൽഎക്ക് ഒരുവർഷം ആറുകോടി രൂപ വിനിയോഗിക്കാൻ കഴിയുമെന്നിരിക്കെ ഗ്രാമീണ റോഡുകളെ അവഗണിക്കുന്നത് രാഷ്ട്രീയ വൈരാഗ്യം മൂലമാണ്. നാടിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് പോലും നൽകാതെ തന്നെ ഉദ്ഘാടന ചടങ്ങിന് വിളിക്കുന്നില്ല എന്ന പേരിൽ എംഎൽഎ നടത്തുന്ന നാടകം ജനം തിരിച്ചറിയുമെന്നും പ്രമേയം വ്യക്തമാക്കി. റബർ കർഷകരെ നിരന്തരം ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ റബർ ഇറക്കുമതി നയം തിരുത്തണം.വാകത്താനം പഞ്ചായത്തിലെ സിഎച്ച്‌സി നിർമാണം വേഗത്തിലാക്കണം, പാലക്കാലുങ്കൽ പാലം നിർമാണം വേഗത്തിലാക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.രണ്ടുദിവസങ്ങളിലായി പുതുപ്പള്ളി സീതാറാം യെച്ചൂരി നഗറിൽ(ഇ എം എസ് സ്മാരക മന്ദിരം) നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം പൊതുചർച്ചയോടെയാണ് ആരംഭിച്ചത്. പൊതുരാഷ്ട്രീയ കാര്യങ്ങളിന്മേൽ ഉയർന്ന ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ എന്നിവർ മറുപടി പറഞ്ഞു. റിപ്പോട്ടിന്മേലുള്ള ചർച്ചയ്‌ക്ക് ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കൃഷ്ണകുമാരി രാജശേഖരൻ, ടി ആർ രഘുനാഥൻ, സി ജെ ജോസഫ്, കെ എം രാധാകൃഷ്ണൻ ജില്ലാ കമ്മറ്റിയംഗം ടി സി മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു. Read on deshabhimani.com