ഫെയ്ൻജൽ എഫക്ട്; ജില്ലയിലും കനത്ത മഴ
കോട്ടയം ഫെയ്ൻജൽ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ കോട്ടയത്തും കനത്ത മഴ. ജില്ലയിൽ പലയിടത്തും ശനി രാത്രി തുടങ്ങിയ മഴ ഞായറാഴ്ചയും തുടർന്നു. മഴ ശക്തമായതോടെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലടക്കം ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ കനത്തതോടെ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മാടപ്പള്ളി മുതൽപ്ര ഭാഗത്ത് ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു. പുതിയത്തുവീട്ടിൽ ചെറിയാൻ വർഗീസിന്റെ വീടാണ്തകർന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ നശിച്ചു. പുതുപ്പള്ളി കറുകച്ചാൽ റോഡിൽ പാറപ്പ ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കൺട്രോൾ റൂം തുറന്നു അതിശക്തമായ മഴ സാധ്യതയെത്തുടർന്ന് കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽനിന്ന് സേവനം ലഭിക്കും. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400, 9188610017, 9446562236, കോട്ടയം താലൂക്ക്: 0481 2568007, വൈക്കം: 04829 231331, ചങ്ങനാശേരി: 0481 2420037, കാഞ്ഞിരപ്പള്ളി: 0482 8202331, മീനച്ചിൽ: 0482 2212325. ഖനനം നിരോധിച്ചു വരും ദിവസങ്ങളിലും മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ നാല് വരെ ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ ജോൺ വി സാമുവൽ ഉത്തരവിട്ടു. Read on deshabhimani.com