ഉദ്ഘാടനം ഒക്ടോബറിൽ : മന്ത്രി വി എൻ വാസവൻ
ഏറ്റുമാനൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന സർജിക്കൽ ബ്ലോക്ക് ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. അതിരമ്പുഴയില്‍ എം ജി സര്‍വകലാശാല കവാടത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.എംഎല്‍എ ഫണ്ടില്‍ നിന്നു ആറു ലക്ഷം രൂപ അനുവദിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. നവീകരണം പൂര്‍ത്തീകരിച്ച അതിരമ്പുഴ ജങ്‌ഷനിലും മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 16 ഓപറേഷന്‍ തിയറ്ററുകളും 360ഓളം ബെഡുകളും അടക്കമുള്ള സംവിധാനങ്ങളോടെയാണ് സർജിക്കൽ ബ്ലോക്ക് ഒരുങ്ങുന്നത്. സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗമിക്കുകയാണ്.ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനയോഗത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷനായി. എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ ജയചന്ദ്രന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം ബിന്നു, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കുര്യന്‍, അതിരമ്പുഴ പഞ്ചായത്ത് അംഗങ്ങളായ ജോഷി ഇലഞ്ഞിക്കല്‍, ബേബിനാസ് അജാസ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ, ലോക്കൽ സെക്രട്ടറി പി എൻ സാബു എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com