ആനവണ്ടി കേറി അവർ നാടുകണ്ടു



കോട്ടയം പുതിയ വികസനപദ്ധതികളുടെ ചിറകിലേറി കെഎസ്‌ആർടിസി കൂടുതൽ ഊർജത്തോടെ മുന്നോട്ട്‌ കുതിക്കുകയാണ്‌. സംസ്ഥാന സർക്കാരിന്റെ വികസന കാഴ്ചപ്പാട്‌ ജില്ലയിലെ പൊതുഗതാഗത സംവിധാനത്തെയും കരുത്തുറ്റതാക്കുന്നു. യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുന്ന ബജറ്റ് ടൂറിസം സെല്ലും പുതിയ കാലത്ത്‌ കെഎസ്‌ആർടിസിയുടെ അടയാളമാകുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിരവധി യാത്രകളാണ്‌ ജില്ലയിലെ ഡിപ്പോകളിൽ നിന്നു കെഎസ്‌ആർടിസി ഒരുക്കിയത്‌. മികച്ച വരുമാനം ഉറപ്പിക്കാനും ഇതിലൂടെ കെഎസ്‌ആർടിസിക്ക്‌ സാധിച്ചു. മധ്യവേനലവധിയിലും ആഘോഷദിനങ്ങളിലും ഇന്ന്‌ ബജറ്റ്‌ ടൂറിസത്തെ ആശ്രയിക്കുന്നവർ നിരവധിയാണ്‌.  ഒടുവിൽ സംഘടിപ്പിച്ച ഓണാഘോഷ യാത്രയും വ്യത്യസ്തമായില്ല, മികച്ച കലക്ഷനാണ്‌ ഊ ഉത്സവസീസണിലും കെഎസ്‌ആർടിസി നേടിയത്‌. ജില്ലയിലെ ഏഴ്‌ ഡിപ്പോകളിൽ നിന്നായിരുന്നു ഓണത്തിന്‌ യാത്ര ക്രമീകരിച്ചിരുന്നത്‌. അഷ്‌ടമുടി, ചതുരംഗപാറ, മാമലകണ്ടം, -മൂന്നാർ, മലക്കപ്പാറ, രാമക്കൽമേട്, മറയൂർ- കാന്തല്ലൂർ എന്നിവിടങ്ങളിൽ ഓണഘോഷത്തിനായി ആനവണ്ടി ഓടി.  കർക്കടക മാസത്തിലെ രാമപുരം നാലമ്പല യാത്രയും ബമ്പർ ഹിറ്റായി. 172 ട്രിപ്പുകളിലായി 7399 തീർഥാടകരാണ് രാമപുരം നാലമ്പല ദർശനത്തിന് ആനവണ്ടിയെ ആശ്രയിച്ച്‌ എത്തിയത്‌. മഴ ശക്തമായിരുന്നിട്ടും മുൻവർഷത്തേക്കാൾ 146 ശതമാനം അധിക ട്രിപ്പുകൾ നാലമ്പല യാത്രയുമായി ബന്ധപ്പെട്ട്‌ നടത്താൻ ഇത്തവണ സാധിച്ചു.  ആറന്മുള വള്ളസദ്യയും പഞ്ചപാണ്ഡവ ക്ഷേത്രദർശനവും ഏറെ ശ്രദ്ധ നേടി. കാടിനുള്ളിലെ മഴയറിഞ്ഞ്‌, ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലൂടെ കുളിരേകുന്ന കാറ്റേറ്റ്‌ ആനവണ്ടിയിലുള്ള മൺസൂൺ യാത്രയും സഞ്ചാരികൾക്ക്‌ പുതിയ അനുഭവമാണ്‌ സമ്മാനിച്ചത്‌. കൂടാതെ ആഡംബര കപ്പലായ നെഫർറ്റിറ്റിയിൽ കടൽ യാത്ര നടത്താനുള്ള അവസരവും കെഎസ്ആർടിസി ഒരുക്കിയിരുന്നു.     Read on deshabhimani.com

Related News