ചോർന്നില്ല ആവേശം; 
തുഴത്താളം വീണ്ടും



 കോട്ടയം ബോട്ട്‌ ക്ലബ്ബുകളുടെ പരിശീലനം ഫിനിഷിങ്‌ ടച്ചിലേക്ക്‌ അടുക്കുന്നതിനിടെയാണ്‌ വയനാട്‌ ദുരന്തത്തെതുടർന്ന്‌ നെഹ്രുട്രോഫി  ജലമേള മാറ്റിയ പ്രഖ്യാപനം വന്നത്‌. ജലമേള ഇക്കൊല്ലം നടക്കുമോ എന്നുവരെ ആശങ്കയുയർന്നപ്പോൾ ക്ലബ്ബുകളുടെ ചങ്ക്‌പിടച്ചു. പരിശീല ക്യാമ്പുകൾ നിർത്തിവച്ചു. നെഹ്രു ട്രോഫി ജലമേള 28ന്‌ നടത്താൻ തീരുമാനമായതോടെ ക്യാമ്പുകൾ ഉണരുകയായി. വീണ്ടുമൊരു വള്ളംകളിക്കാലം കൂടി. കോട്ടയത്തുനിന്ന്‌ മൂന്ന്‌ ക്ലബ്ബുകളാണ്‌ നെഹ്രുട്രോഫിക്ക്‌ രജിസ്‌റ്റർ ചെയ്‌തിരുന്നത്‌ –- കുമരകം ബോട്ട്‌ ക്ലബ്‌, കുമരകം ടൗൺ ബോട്ട്‌ ക്ലബ്‌, ചങ്ങനാശേരി ബോട്ട്‌ ക്ലബ്‌. ഇടവേളയൊന്നും ഇവരുടെ ആവേശം ചോർത്തിയിട്ടില്ല. മൂന്ന്‌ ക്ലബ്ബുകളും ക്യാമ്പുകൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്‌.  മുൻ കിരീടവിജയങ്ങളുടെ തലപ്പൊക്കവുമായാണ്‌ കുമരകം ബോട്ട്‌ ക്ലബ്ബും കുമരകം ടൗൺ ബോട്ട്‌ ക്ലബ്ബും എത്തുന്നത്‌. പടിഞ്ഞാറൻ കരുത്ത്‌ ആവാഹിച്ച്‌ കന്നിക്കാരായ ചങ്ങനാശേരി ബോട്ട്‌ ക്ലബ്ബുമെത്തുന്നു.  നെഹ്രു ട്രോഫിയിൽ രണ്ട്‌ ഹാട്രിക്കുകൾ നേടിയ ചരിത്രമുള്ള കുമരകം ബോട്ട്‌ ക്ലബ്‌ വെച്ചൂർക്കായലിൽ പരിശീലനം പുനരാരംഭിക്കും. മേൽപാടം ചുണ്ടനിലാണ്‌ ക്ലബ്‌ മത്സരിക്കുന്നത്‌.  കുമരകം ടൗൺ ബോട്ട്‌ ക്ലബ്‌ നടുഭാഗം ചുണ്ടനിൽ മത്സരിക്കും. ക്യാമ്പ്‌ നിർത്തിയപ്പോൾ കേരളത്തിനു പുറത്തുനിന്നുള്ള തുഴച്ചിൽക്കാർ തിരികെ പോയിരുന്നു. ഇവർ ഉടനെ മടങ്ങിയെത്തും. 12ന്‌ പരിശീലനം പുനരാരംഭിക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. ചങ്ങനാശേരി ബോട്ട്‌ ക്ലബ്ബിന്‌ നെഹ്രു ട്രോഫി മാറ്റിവച്ചത്‌ വലിയ ആഘാതമായിരുന്നു. എല്ലാ ക്ലബ്ബുകളെയും പോലെ നൂറിലധികം പേരുടെ ചെലവുകളും ഏറ്റെടുത്ത്‌ ക്യാമ്പ്‌ നടത്തിവരികയായിരുന്നു. നിർത്തിവച്ച ക്യാമ്പ്‌ രണ്ട്‌ ദിവസത്തിനുള്ളിൽ കിടങ്ങറയിൽ ആരംഭിക്കും. കിടങ്ങറ പള്ളിയോട്‌  ചേർന്ന്‌ ആറ്റിലാണ്‌ പരിശീലനം. ആയാപറമ്പ്‌ എൻഎസ്‌എസ്‌ കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള വലിയ ദിവാൻജി ചുണ്ടനിലാണ്‌ ക്ലബ്ബിന്റെ മത്സരം. Read on deshabhimani.com

Related News