ഗോത്രകലയിൽ സ്ഥാനമുറപ്പിച്ച് കൊമ്പുകുത്തി സ്‌കൂൾ
കാഞ്ഞിരപ്പള്ളി ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി ഏർപ്പെടുത്തിയ ഗോത്ര കലകളിൽ കൈമുദ്ര പതിപ്പിച്ച് ജില്ലയിലെ ഏക ട്രൈബൽ ഹൈസ്കൂളായ കോരുത്തോട് കൊമ്പുകുത്തി സ്കൂൾ. മത്സരത്തിൽ പങ്കെടുത്ത 12 ടീമുകളോട് പടവെട്ടിയാണ് പളിയ –- പണിയ നൃത്തയിനത്തിൽ സ്‌കൂൾ ടീം ഒന്നാം സ്ഥാനം നേടിയത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനും ടീം അർഹത നേടി. മുൻ കാലങ്ങളിൽ ഒരിക്കൽ പോലും ജില്ലാ തലത്തിൽ പങ്കെടുക്കാൻ ഈ സ്കുളിലെ കുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല. ഇക്കുറി അധ്യാപകർ, രക്ഷകർത്താക്കൾ, പൊതുപ്രവർത്തകർ തുടങ്ങി നാട്ടുകാർ ഒറ്റക്കെട്ടായി നിന്ന് കുട്ടികൾക്കാവശ്യമായ വേഷം ഉൾപ്പെടെയുള്ളവ സ്വയം നിർമിച്ചെടുക്കുകയായിരുന്നു. കോട്ടയം, - ഇടുക്കി ജില്ലകളുടെ സംഗമകേന്ദ്രമായ വനാതിർത്തിയാലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങളെ ദിനംതോറും പ്രതിരോധിച്ച് ജീവിക്കുന്നവരാണ് വിദ്യാർഥികൾ. ആദിവാസി വിഭാഗത്തിൽപ്പെട്ട ഒട്ടേറെ കുടുംബങ്ങളുടെ ഏക ആശ്രയവുമാണ് ഈ സ്‌കൂൾ. ഈ വർഷം മുതൽ കലോൽസവത്തിൽ ഗോത്രകലകൾ ഉൾപ്പെടുത്തിയതോടെയാണ് പളിയ നൃത്തമായി ഇവർ രംഗത്ത് എത്തിയത്. കുമളിയിലെ പളിയർ വിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം. മുളഞ്ചെണ്ട, ഉടുക്ക്, നഗര, ഉറുമി, ജനക, ജാര എന്നിവയാണ് പശ്ചാത്തല സംഗീതത്തിനായി നൃത്തത്തോടൊപ്പം ഉപയോഗിക്കുക. സ്കൂളിന് ആദ്യമായി ലഭിച്ച ഉന്നത വിജയം ആഘോഷമാക്കി മാറ്റുകയാണ് കൊമ്പുകുത്തി ഗ്രാമം. Read on deshabhimani.com