കായികമേളയിൽ കോട്ടയത്തിന്റെ വിജയമാർച്ച്
കോട്ടയം ഒളിമ്പിക്‌സ് മാതൃകയിൽ ആദ്യമായി നടത്തുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മാർച്ച് പാസ്‌റ്റിലെ മിന്നുന്ന പ്രകടനത്തോടെ വിജയങ്ങൾക്ക് തുടക്കമിട്ട് ജില്ല. എറണാകുളത്ത് നടക്കുന്ന കായികമേളയുടെ ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായ മാർച്ച് പാസ്‌റ്റിൽ ഒന്നാംസ്ഥാനം നേടിയാണ് കോട്ടയം വരവറിയിച്ചത്. ഭിന്നശേഷി വിഭാഗത്തിലെ 112 കുട്ടികളടക്കം 1380 കുട്ടികളാണ് ജില്ലയെ പ്രതിനിധീകരിക്കുന്നത്. ത്രിവർണ പതാകയുടെ നിറങ്ങൾ ആലേഖനം ചെയ്‌ത ബാൻഡ് ധരിച്ചാണ് കുട്ടികൾ മാർച്ച് പാസ്‌റ്റിൽ അണിനിരന്നത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾ തന്നെയായിരുന്നു മാർച്ച് പാസ്‌റ്റിലെ ജില്ലയുടെ അഭിമാന താരങ്ങൾ. ചരിത്രത്തിലാദ്യമായാണ് ഭിന്നശേഷിയുള്ള വിദ്യാർഥികൾ കായികമേളയുടെ ഭാഗമാവുന്നത്. മാന്നാനം സെന്റ് എഫ്രേംസ് എച്ച്‌എസ്‌എസിലെ വിദ്യാർഥിയും അന്തർദേശീയ ബാസ്‌ക്കറ്റ്‌ബോൾ താരവുമായ ജിൻസ് കെ ജോബിയായിരുന്നു ക്യാപ്‌ടൻ. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി നിയ കണ്ണോത്തായിരുന്നു വൈസ് ക്യാപ്‌ടൻ. Read on deshabhimani.com