നാട്ടുവഴികളിലൂടെ 
ഒപ്പം ഓണവുമുണ്ണാം



കോട്ടയം പുത്തൻ കോടിയുടുത്ത്, സദ്യവട്ടങ്ങളൊരുക്കി, പൂക്കളവും ഊഞ്ഞാലും തീർത്ത്‌ ഗ്രാമക്കാഴ്ചകൾ ആസ്വദിച്ച്‌ ഒരു ഓണക്കാലം പൊളിച്ചാലോ. കാഴ്ചയുടെ പുതിയ വസന്തം ഒരുക്കുന്നതിനൊപ്പം മനസിൽ സൂക്ഷിക്കാൻ ഗൃഹാതുര ഓർമകളും സമ്മാനിക്കുകയാണ്‌ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി. അവധി ആഘോഷിക്കാനെത്തുന്ന വിദേശ–- ആഭ്യന്തര സഞ്ചാരികൾക്കായി ഗ്രാമീണ യാത്രകൾക്കൊപ്പം സദ്യയുമൊരുക്കി വേറിട്ട രീതിയിലുള്ള ഓണാനുഭവത്തിനാണ്‌ ഇത്തവണ അവസരമൊരുക്കുന്നത്‌. കൂടാതെ പൂക്കളമിടാനും ഓണാഘോഷത്തിന്റെ ഭാഗമായുള്ള നാടൻ കായിക ഇനങ്ങളിൽ പങ്കാളികളാകാനും അവസരമുണ്ടാകും.  നിലവിൽ ജില്ലയിൽ 44 വീടുകളാണ്‌ സൊസൈറ്റിയിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളത്‌. ഇവിടങ്ങളിലായിരിക്കും ഓണസദ്യയും മറ്റ്‌ ആഘോഷങ്ങളും ഒരുക്കുക. ഇതിനൊപ്പം ശിക്കാര ബോട്ടുകളിലെ യാത്ര ഉൾപ്പെടെയുള്ള പാക്കേജിന്‌ ഒരാൾക്ക്‌ 1500 രൂപയാണ്‌. പാക്കേജ്‌ ഒഴിവാക്കി സദ്യ മാത്രം വേണമെങ്കിലും ഇവിടെ നിന്ന്‌ ലഭിക്കും. വിഭവങ്ങളുടെ അടിസ്ഥാനത്തിൽ 250 രൂപ മുതൽ 500 രൂപ വരെയുള്ള സദ്യകളായിരിക്കും ഉണ്ടാകുക. പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ കുമരകത്ത്‌ മാത്രം 19 യൂണിറ്റുകൾ പദ്ധതിക്കായി സജ്ജമാണെന്ന്‌ സൊസൈറ്റി അധികൃതർ പറഞ്ഞു.  നാട്ടിൻപുറങ്ങളിലെ ജീവിതം ആസ്വദിച്ച്‌ ഉൾനാടൻ വഴികളിലൂടെ ഗ്രാമീണക്കാഴ്ച കണ്ടുള്ള യാത്രയും ഇതിന്റെ ഭാഗമാണ്‌. ഗ്രാമീണരുടെ തനത് തൊഴിലുകളായ കള്ളുചെത്ത്, കയർ പിരിക്കൽ, തഴപ്പായ നെയ്ത്ത് തുടങ്ങിയവ കണ്ടറിയുകയും ചെയ്യാം. വിനോദ സഞ്ചാരത്തിനൊപ്പം ഗ്രാമീണ ജനതയ്‌ക്കും വരുമാനം ലഭ്യമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. നാട്ടിൻപുറത്ത് താമസത്തിനുള്ള പാക്കേജുകളും സൊസൈറ്റി ക്രമീകരിച്ചിട്ടുണ്ട്‌. ഇതിനായി ഗ്രാമപ്രദേശങ്ങളിൽ അംഗീകൃത ഹോംസ്റ്റേകൾ തയ്യാറായി കഴിഞ്ഞു. സെപ്തംബർ ഒന്ന്‌ മുതൽ 30 വരെയാണ് ഓണാക്കാല പ്രത്യേക യാത്ര സൊസൈറ്റി ഒരുക്കുന്നത്‌. Read on deshabhimani.com

Related News