വർണവിസ്മയം തീർത്ത് റാസ



 കോട്ടയം ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെ​ന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്ക്‌ റാസ നടത്തി. മൂന്നര കിലോമീറ്ററിലധികം നീളത്തിൽ നാനാജാതി മതസ്ഥരായ ആയിരങ്ങൾ റാസയിൽ അണിനിരന്നു.  മാധ്യാഹ്നപ്രാർഥനയിൽ വലിയപള്ളിയുടെ തിരുമുറ്റത്തുനിന്ന് വിശ്വാസികൾ മുത്തുകുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നിൽക്കുന്ന ഛായാചിത്രമുള്ള കൊടിയും വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ ഛായാചിത്രമുള്ള കൊടിയും ഒരു മരക്കുരിശും രണ്ടു വെട്ടുക്കുടകളും പിന്നിൽ കൊടികളും അതിനുപിന്നിൽ മുത്തുക്കുടകളും അണിനിരന്നു.  രണ്ടോടെ മരക്കുരിശുകളും പൊൻ, വെള്ളിക്കുരിശുകളും റാസയിൽ നിരന്നു. 200ലധികം പൊൻ-വെള്ളിക്കുരിശുകളാണ് ഇത്തവണ റാസയിൽ ഉപയോ​ഗിച്ചത്. തുടർന്നു വലിയപള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്കുശേഷം അംശവസ്ത്രങ്ങൾ ധരിച്ച വൈദികർ റാസയിൽ പങ്കുചേർന്നു. ഫാ. തോമസ് മറ്റത്തിൽ, ഫാ. ജോർജ് കരിപ്പാൽ, ഫാ. ഏബ്രഹാം കരിമ്പന്നൂർ എന്നിവർ കാർമികരായി. കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻതൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി. ധൂപപ്രാർഥനയ്ക്കുശേഷം മണർകാട് കവലയിലെ കുരിശിൻതൊട്ടിയിൽ ഫാ. ജോർജ്‌ കരിപ്പാൽ വചനസന്ദേശം നൽകി. അഞ്ചരയോടെ റാസ തിരികെ വലിയപള്ളിയിലെത്തിച്ചേർന്നു. കത്തീഡ്രലിലെ ധൂപപ്രാർഥനയ്ക്ക് ശേഷം അംശവസ്ത്രധാരികളായ വൈദികർ വിശ്വാസീസമൂ​ഹത്തെ ആശീർവദിച്ചു.  18 വാദ്യമേളങ്ങളായിരുന്നു റാസയിൽ പങ്കെടുത്തത്. ഇടവകയിലെയും സമീപ പള്ളികളിൽനിന്നുമായി ആറ് ​ഗായ​കസംഘം പങ്കെടുത്തു. റാസാ കമ്മിറ്റി കൺവീനർ ഫാ. കുര്യാക്കോസ് കാലായിൽ ട്രസ്റ്റിമാരായ പി എ ഏബ്രഹാം പഴയിടത്തുവയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി ജെ ജേക്കബ് വാഴത്തറ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News