ആശ്വാസമായി ഓണച്ചന്ത
കോട്ടയം ഓണക്കാലം സുഭിക്ഷമാക്കാൻ ജില്ലയിലും സപ്ലൈകോ ഓണച്ചന്തകൾ തുടങ്ങി. രാജ്യത്താകമാനം പൊതുവിപണിയിലുണ്ടായ വിലക്കയറ്റം ഓണക്കാലത്തെ ബാധിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ ജനങ്ങൾക്ക് ആശ്വാസമാകുകയാണ്. തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് വെള്ളിയാഴ്‌ച്ച ആരംഭിച്ച സപ്ലൈകോ ഓണച്ചന്തയിൽ ധാരാളമാളുകളാണ് എത്തിയത്. പൊതുവിപണിയേക്കാൾ വലിയ വിലക്കുറവ് ഉണ്ടായതിനാൽ തന്നെ എല്ലാ ഓണച്ചന്തകളിലും ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. 13 സബ്‌സിഡി സാധനങ്ങളും സബ്‌സിഡിയിതര സാധനങ്ങളും ചന്തയിൽ ലഭ്യമാകും. ഇവയ്‌ക്ക് പുറമേ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ലഭ്യമാണ്. സപ്ലൈകോ, ശബരി ഉൽപ്പന്നങ്ങൾ കൂടാതെ ഹോർട്ടികോർപ്പ്, മിൽമ, കൈത്തറി ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, കടുത്തുരുത്തി, പാലാ, പാമ്പാടി, പൊൻകുന്നം, പുതുപ്പള്ളി, വൈക്കം എന്നിവടങ്ങളിൽ ഓണച്ചന്തകൾ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഓണവിപണിയുണ്ടാകും. വെള്ളിയാഴ്‌ച്ച തിരുനക്കരയിൽ ആരംഭിച്ച ജില്ലാ ഓണച്ചന്ത തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. Read on deshabhimani.com