സ്വപ്‍നത്തിലേക്കൊരു ടേക്ക് ഓഫ്
കോട്ടയം ‘വിമാനം മുകളിൽ കൂടി പോകുന്നതല്ലേ കണ്ടിട്ടുള്ളൂ. ആദ്യമായിട്ട് അതിൽ കയറുന്നു എന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അറിഞ്ഞപ്പോൾ ലോട്ടറിയടിച്ച സന്തോഷമായിരുന്നു. ഈ അവസരം ഒരുക്കിയവർക്ക് ഒരുപാട് നന്ദി. ’–- പറഞ്ഞ് അവസാനിക്കുമ്പോൾ ശോഭയുടെ വാക്കുകളിൽ നിറഞ്ഞ സന്തോഷം. ജീവിതത്തിന്റെ വലിയ സമയം സിഎംഎസിന്റെ കലാലയ മുറ്റത്ത് ജീവിച്ച ദിവസവേതനക്കാരായ ജീവനക്കാർക്ക് ആകാശത്തോളം സ്വപ്‌നം കാണാൻ അവസരമൊരുക്കി ചരിത്രം രചിക്കുകയാണ് കോളേജ്. കാന്റീനിലെ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, സെക്യൂരിറ്റി തുടങ്ങിയ 40 ജീവനക്കാർക്ക് വിമാനത്തിൽ ബംഗളൂരുവിലേക്ക് യാത്ര ഒരുക്കിയാണ് കോളേജ് സ്‌നേഹത്തിന്റെ സന്ദേശം പകരുന്നത്. അധ്യാപകരുടെ കൂട്ടായ്മയായ ഫോക്കസാണ് ഈ ഉദ്യമത്തിന് പിന്നിൽ. ടിക്കറ്റും താമസവും ഉൾപ്പെടെ എല്ലാ ചെലവും വഹിക്കുന്നത് അധ്യാപകരാണ്. ശനിയാഴ്ച രാവിലെ നെടുമ്പാശേരിയിൽനിന്നാണ് വിമാനം പുറപ്പെടുക. ബംഗളൂരുവിൽ ഒരു ദിവസം ചെലവിട്ടതിന് ശേഷം രാത്രിയോടെ ട്രെയിനിൽ തിരിച്ചുവരും. ‘ക്രിസ്‌മസ് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളാണ്. കോളേജിലെ എല്ലാവരും യാത്രകൾ പോകുന്ന സമയം. അപ്പോൾ എല്ലാവരും ഈ ഒത്തുകൂടലിലും സന്തോഷത്തിലും പങ്കാളിയാകണമെന്ന ചിന്തയാണ് ഇത്തരം ഒരു ആശത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് പറഞ്ഞു. എന്നും ഓർമിക്കാൻ അവർക്കായി കുറച്ച് നിമിഷങ്ങൾ സമ്മാനിക്കുന്നതിനൊപ്പം 40 പേരുടെ മുഖത്ത് കാണുന്ന സന്തോഷവും ഏറെ ഹൃദ്യമാണെന്ന് അധ്യാപകരും പറയുന്നു. ആദ്യം 30 പേർക്ക് യാത്ര ഒരുക്കാനായിരുന്നു ഫോക്കസിന്റെ തീരുമാനം. പിന്നീട് കൂടുതൽ പേർ യാത്രയ്ക്ക് സന്നദ്ധരായതോടെ നാൽപത് പേർക്കായി യാത്ര ക്രമീകരിച്ചു. ഇവരുടെ ഉദ്യമത്തിന്റെ നന്മയ്ക്ക് പിന്തുണയുമായി റിട്ട. അധ്യാപകരും രംഗത്തെത്തി. Read on deshabhimani.com