കണ്ണീരുണങ്ങാതെ കർഷകർ
കോട്ടയം കാലവർഷം കർഷകന് നഷ്ടക്കണക്കുകളുടെ കാലമാണ്. വിത്തിട്ട് കാത്തിരുന്നതത്രയും കാലവർഷമെടുത്ത കഥകളാണ് കർഷകർക്ക് പറയാനുള്ളത്. ജൂലൈ 22മുതൽ ആഗസ്‌ത് ആറുവരെയുള്ള കണക്കുപ്രകാരം 69.06 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാറ്റും മഴയും ആദ്യഘട്ടത്തിൽ ജില്ലയിൽ 6.42കോടി രൂപയുടെ കൃഷിനാശം ഉണ്ടാക്കിയതായി ജൂലൈ ഒന്നുമുതൽ 21വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. വേനൽമഴയിൽ 24 കോടിയിലേറെ നഷ്‌ടമുണ്ടായി. വേനൽമഴയിലും കാലവർഷത്തിന്റെ ആദ്യഘട്ടത്തിലും നെല്ലിനും വാഴയ്‌ക്കുമായിരുന്നു കൂടുതൽ നാശനഷ്‌ടമുണ്ടായത്. രണ്ടാംഘട്ടത്തിൽ വാഴ, റബർ കർഷകരാണ് ഏറ്റവും കൂടുതൽ നഷ്‌ടം നേരിട്ടത്. 248 കർഷകരുടെ 304.76 ഹെകട്‌റിലെ കുലച്ചതും കുലയ്‌ക്കാത്തതുമായ 8397 വാഴയാണ് കാറ്റും മഴയുമെടുത്തത്. 42.35 ലക്ഷത്തിന്റെ നഷ്‌ടമാണ് വാഴ കർഷകർക്കുണ്ടായത്. 51 കർഷകരുടെ 2.6 ഹെക്‌ടറിലെ 1060 റബർമരങ്ങളാണ് നശിച്ചത്. 19.48 ലക്ഷമാണ് നഷ്‌ടം. ഇവയ്‌ക്കുപുറമെ, ജാതി, കവുങ്ങ്, കുരുമുളക്, പച്ചക്കറി കർഷകർക്കും കൃഷിനാശമുണ്ടായി. ജൂലൈയിൽ ജില്ലയിൽ ലഭിക്കേണ്ടത് 618.1മില്ലിമീറ്റർ മഴയാണ്. എന്നാൽ പെയ്‌തത് 557.5 മില്ലിമീറ്റർ മഴയും. 11 ശതമാനം മഴ കുറഞ്ഞതോടെ കൃഷിനാശവും ആദ്യഘട്ടത്തിലേതിനെക്കാൾ കുറഞ്ഞു. Read on deshabhimani.com