സ്പെഷ്യൽ ട്രെയിൻ എത്തി
കോട്ടയം രാവിലെ കോട്ടയം വഴിയുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി കൊല്ലം – എറണാകുളം പാതയിൽ സ്‌പെഷ്യൽ ട്രെയിൻ എത്തി. തിങ്കളാഴ്‌ച തുടങ്ങിയ സർവീസിന് മികച്ച പ്രതികരണമാണുണ്ടായത്. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസമാണ് സർവീസ്. 6.15ന് കൊല്ലത്തുനിന്ന് ആരംഭിച്ച് കോട്ടയം വഴി എറണാകുളത്ത് 9.35ന് എത്തുന്ന വിധത്തിലാണ് സർവീസ്. രാവിലെ 7.56നാണ് കോട്ടയത്ത് എത്തുക. രാവിലെ പാലരുവി എക്സ്പ്രസ്, തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ഇടയിലായിരിക്കും സർവീസ്. കോട്ടയം – എറണാകുളം റൂട്ടിൽ രാവിലെ ട്രെയിനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് താൽക്കാലികമായെങ്കിലും പരിഹാരം ഇതോടെ സാധ്യമാകും. പുലർച്ചെ 6.58 പാലരുവി എക്സ്പ്രസ് കോട്ടയം വിട്ടാൽ 8.30നുള്ള വേണാട് മാത്രമായിരുന്നു യാത്രക്കാരുടെ ഏക ആശ്രയം. ഇതിനിടെ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനു മറ്റുള്ളവയെ പിടിച്ചിടുന്നതും യാത്രാദുരിതം ഇരട്ടിപ്പിച്ചു. യാത്രക്കാർ കുഴഞ്ഞുവീഴുന്നത് ഉൾപ്പെടെയുള്ളവ സ്ഥിരമായതോടെ പ്രതിഷേധവും ശക്തമായിരുന്നു Read on deshabhimani.com