ശ്വാസകോശത്തിൽ കുടുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്തു
പാലാ ഒരു വർഷത്തോളമായി അമ്പത്തെട്ടുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ എല്ലിൻ കഷണം മാർ സ്ലീവാ മെഡിസിറ്റിയിലെ പൾമണറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പുറത്തെടുത്തു. ഇടുക്കി തോപ്രാംകുടി സ്വദേശിയുടെ ശ്വാസകോശത്തിലാണ് എല്ലിൻ കഷണം കുടുങ്ങിയിരുന്നത്. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് മറ്റ് സ്വകാര്യ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ചുമ കുറയാതെ വരികയും ന്യുമോണിയ ബാധിക്കുകയും ചെയ്തപ്പോഴാണ് മാർ സ്ലീവാ മെഡിസിറ്റിയിലെത്തിയത്. പൾമണറി വിഭാഗം കൺസൾട്ടന്റ് ഡോ. മെറിൻ യോഹന്നാന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ശ്വാസകോശത്തിൽ ഇടതു ഭാഗത്തായി ഒന്നര സെന്റിമീറ്ററോളം വലുപ്പമുള്ള എല്ലിൻ കഷണം കുടുങ്ങിയതായി കണ്ടെത്തിയത്. ഫ്ലെക്സിബിൾ ബ്രോങ്കോസ്കോപ്പി ചികിത്സയിലൂടെ എല്ലിൻ കഷണം പുറത്തെടുത്തു. പൾമണറി വിഭാഗം മേധാവി ഡോ. ജെയ്സി തോമസ്, കൺസൾട്ടന്റ് ഡോ.രാജ് കൃഷ്ണൻ എന്നിവരും ചികിത്സയുടെ ഭാഗമായി. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങി. Read on deshabhimani.com