വൈക്കം വീരനുക്ക്‌ വീരവണക്കം



 കോട്ടയം കേരളത്തിന്റെ നവോഥാന ചരിത്രത്തിന്‌ അതുല്യമായ സംഭാവന നൽകിയ വൈക്കം വീരൻ തന്തൈ പെരിയാർ ഇ വി രാമസ്വാമി നായ്‌ക്കർക്ക്‌ സമരഭൂമിയിൽ ബൃഹത്‌ സ്‌മാരകമൊരുങ്ങുന്നു. തമിഴ്‌നാട്‌ സർക്കാരിന്റെ നേതൃത്വത്തിലുള്ള പെരിയാർ സ്‌മാരക നവീകരണം അന്തിമഘട്ടത്തിലാണ്‌. തമിഴ്‌നാട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ 8.14 കോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം നടത്തുന്നത്‌. പെരിയാർ പ്രതിമയ്‌ക്കു പുറമേ അദ്ദേഹത്തിന്റെ ജീവിതമുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള മ്യൂസിയം, ലൈബ്രറി, കുട്ടികളുടെ പാർക്ക്‌, ഓപ്പൺ എയർ തീയറ്റർ ഉൾപ്പെടെയുള്ള വിപുലമായ സ്‌മാരകമാണ്‌ ഒരുക്കുന്നത്‌. 6.09 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മ്യൂസിയവും 84.20 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലൈബ്രറിയുമാണുള്ളത്‌. വൈക്കം പോരാട്ടത്തിന്റെയും പെരിയാർ നടത്തിയതുൾപ്പെടെയുള്ള വിവിധ പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ബഹുഭാഷാ പുസ്‌തങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ടാവും. വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ കേരള സർക്കാർ വിട്ടു നൽകിയ 70 സെന്റ്‌ സ്ഥലത്ത്‌ 1985ലാണ്‌ പെരിയാർ പ്രതിമ തമിഴ്‌നാട്‌ സ്ഥാപിച്ചത്‌. സത്യഗ്രഹ ശതാബ്‌ദി വേളയിൽ വൈക്കത്തെത്തിയ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ്‌ പെരിയാർ സ്‌മാരകം നവീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. നവീകരിച്ച സ്‌മാരകം ഉടൻ തന്നെ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ തമിഴ്‌നാട്‌ പൊതുമരാമത്ത്‌ വകുപ്പ്‌ പിആർഒ ആർ ഉണ്ണികൃഷ്‌ണൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. Read on deshabhimani.com

Related News