ഈ സ്വർണത്തിന്‌ 
അതിജീവനത്തിന്റെ തിളക്കം

മിലൻ സാബു (ജൂനിയർ ബോയ്സ് പോൾവാട്ട്, സെന്റ് തോമസ് എച്ച്എസ്എസ് പാലാ), മെൽബ മേരി സാബു. (ജൂനിയർ ഗേൾസ് പോൾവാട്ട്, സെന്റ് മേരീസ് എച്ച്എസ്എസ് ഭരണങ്ങാനം)


 പാലാ സ്വർണ നേട്ടത്തിലേക്ക്‌ എത്താൻ  മെൽബയ്‌ക്കും മിലനും ഗ്രൗണ്ടിൽ വിയർപ്പ്‌ ഒഴുക്കിയാൽ മാത്രം പോരായിരുന്നു. പിന്നോട്ടുവലിയ്‌ക്കുന്ന ജീവിത പ്രതിസന്ധികളെ തട്ടിമാറ്റിയേ തീരൂ എന്ന്‌ ചെറുപ്രായത്തിലേ തിരിച്ചറിഞ്ഞു. അച്ഛന്റെ മരണത്തോടെ  തങ്ങളെ വളർത്താൻ വീട്ടു ജോലിയ്‌ക്ക്‌ പോയ അമ്മയുടെ സ്വപ്നങ്ങളോട്‌ ചേർന്ന്‌ നിന്നാണ്‌ ഇവർ കളത്തിലിറങ്ങിയത്‌. അതുകൊണ്ടുതന്നെ ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ മെൽബ നേടിയ സ്വർണവും ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ മിലന്‌ ലഭിച്ച സ്വർണപ്പതക്കവും  ഇവർ സമർപ്പിക്കുന്നത്‌ തങ്ങളുടെ കായികപ്രതിഭയെ തെളിച്ചെടുത്ത പരിശീലകർക്കു മാത്രമല്ല മുൻ പവർലിഫ്‌റ്റിങ്‌ താരംകൂടിയായ അമ്മ ഷീജയ്‌ക്കുകൂടിയാണ്‌.  ഏറ്റുമാനൂർ വെട്ടിമുകൾ കൊല്ലംപറമ്പിൽ പരേതനായ സാബുവിന്റെയും ഷീജയുടെയും മൂത്ത മകളാണ്‌ മെൽബ. മിലൻ ഇളയ മകനും. പത്തു വർഷം മുമ്പ്‌ സാബു ബൈക്ക്‌ അപകടത്തിൽ മരിച്ചു. പറക്കമുറ്റാത്ത മക്കളെ വളർത്താൻ പവർലിഫ്‌റ്റിങിൽ ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഷീജ  വീട്ടുജോലിയ്‌ക്ക്‌ പോയി. മക്കളുടെ കായിക പ്രതിഭ തിരിച്ചറിഞ്ഞ ഇവർഎത്ര വിഷമിച്ചാലും മക്കളെ ആവഴിയ്‌ക്ക്‌ വിടാൻ അത്യധ്വാനം ചെയ്‌തു. ബന്ധുക്കളുടെ പ്രത്യേകിച്ച്‌ ഭർതൃവീട്ടുകാരുടെ പിന്തുണ എന്നുമുണ്ടായിരുന്നുവെന്ന്‌  ഷീജ പറഞ്ഞു. മകൾ അഞ്ചാംക്ലാസ്‌ മുതൽ സ്‌പോർട്‌ ഹോസ്‌റ്റലിലായിരുന്നുവെങ്കിലും  11–-ാംക്ലാസിൽ ഹോസ്‌റ്റൽ പ്രവേശനം ലഭിച്ചില്ല. എങ്കിലും  പരിശീലനം മുടക്കാതെ കൊണ്ടുപോകുന്നുണ്ടെന്നും ഇവർ പറഞ്ഞു. ഭരണങ്ങാനം സെന്റ്‌മേരീസ്‌ സ്‌കൂളിലെ പതിനൊന്നാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌ മെൽബ മേരി സാബു. മിലൻ സാബു പാലാ സെന്റ്‌ തോമസ്‌ സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയാണ്‌. ഇവരുടെ സഹാദരൻ മെൽവിൻ പക്ഷേ,  കായികതാരമല്ല.  നാടൻപാട്ടാണ്‌ മെൽവിന്റെ ഇഷ്ടരംഗം.  Read on deshabhimani.com

Related News