മാലിന്യം മാറ്റും; മാതൃകയാകും



കോട്ടയം  ജില്ലയെ മാലിന്യമുക്തമാക്കാൻ വിപുലമായ പ്രവർത്തനങ്ങൾ വരുന്നു, മുന്നൊരുക്കങ്ങൾ ആരംഭിച്ചു.‘ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം' യാഥാർഥ്യമാക്കാനുള്ള ജനകീയ ക്യാമ്പയിൻ ഗാന്ധിജയന്തി ദിനമായ  ഒക്ടോബർ രണ്ടുമുതൽ രാജ്യാന്തര മാലിന്യമുക്തദിനമായ 2025 മാർച്ച് 30വരെ സംഘടിപ്പിക്കും. ക്യാമ്പയിൻ നിർവഹണത്തിന്‌ സംസ്ഥാന, ജില്ലാ, ബ്ലോക്ക്, തദ്ദേശ സ്ഥാപനതലത്തിലും വാർഡ്/ ഡിവിഷൻ തലത്തിലും നിർവഹണസമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതല നിർവഹണ സമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണും കലക്ടർ കൺവീനറുമാണ്.  ഹരിതകേരള മിഷന്റെ നേതൃത്വത്തിലുള്ള ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത അയൽക്കൂട്ടങ്ങൾ, ഹരിതടൂറിസം കേന്ദ്രങ്ങൾ, ഹരിത ഓഫീസുകളുടെ പ്രഖ്യാപനം, തദ്ദേശസ്ഥാപനങ്ങളിലെ പൊതുഇടങ്ങൾ ശുചിത്വവും ഭംഗിയുള്ളതുമാക്കുക, ഹരിത ക്യാമ്പസുകളാക്കുക, നീർച്ചാലുകൾ ശുചീകരിച്ച് വീണ്ടെടുക്കുക, ഹരിതകർമസേനയുടെ വാതിൽപ്പടി ശേഖരണവും യൂസർ ഫീ കലക്ഷനും 100ശതമാനം ഉറപ്പാക്കുക തുടങ്ങിയവയ്‌ക്കാണ് മുൻതൂക്കം. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നിയമനടപടികൾ, ജനകീയ വിജിലൻസ് സ്‌ക്വാഡ് രൂപീകരണം, ശുചിത്വ ആരോഗ്യം പരിശോധനകൾ, പരിസ്ഥിതി സൗഹൃദ പാക്കിങ്‌ പ്രോത്സാഹനം, വീട്ടുമുറ്റസദസ്സ്, കുട്ടികളുടെ ഹരിതസഭ, പ്രചാരണ ബോധവൽക്കരണം തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്. ക്യാമ്പയിൻ ജില്ലാതല നിർവഹണ സമിതി യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. ക്യാമ്പയിന്റെ നേട്ടങ്ങൾ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലെമെന്റ് അവതരിപ്പിച്ചു. ക്യാമ്പയിൻ കർമപദ്ധതി സംബന്ധിച്ച്‌ നവകേരളം കർമപദ്ധതി കോ ഓർഡിനേറ്റർ എസ് ഐസക്കും ഗ്യാപ് അനാലിസിസ് സംബന്ധിച്ച്‌ ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദും അവതരണങ്ങൾ നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ ജോൺ വി സാമുവൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മറിയാമ്മ ഏബ്രഹാം, പ്രൊഫ. ടോമിച്ചൻ ജോസഫ്, ആര്യ രാജൻ, പി വി സുനിൽ, എൻ രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, പി ആർ അനുപമ, ഹൈമി ബോബി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News