തൂശനില മുറിച്ചുവയ്‌ക്കാം, തുമ്പപ്പൂ ചോറുവിളമ്പാം
കോട്ടയം ഓണമിങ്ങെത്തിയാൽ പിന്നെ സദ്യ വേണം. അത് തൂശനിലയിൽ തന്നെയാകണം. അത് നിർബന്ധാ.. അതുതന്നെയാണ് സദ്യയുടെ ഭംഗിയും. ഓണം അടുത്തതോടെ ഇല വിപണി സജീവമായെങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പരിമിതമാക്കിയത് തിരിച്ചടിയായി. സാധാരണ കോളേജുകൾ, അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വലിയ രീതിയിൽ ഇലയ്‌ക്ക് ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതിൽ വലിയ കുറവാണുണ്ടായത്. കോവിഡ് സമയത്ത് നേരിട്ടതിന് സമാനമായ വെല്ലുവിളിയാണ് ഇത്തവണ നേരിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. വിവാഹങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതും പേപ്പർ ഇലകളുടെ ഉപയോഗം വർധിച്ചതും വിപണിക്ക് ഇരുട്ടടിയായി. അടപ്രഥമൻ, പാലട പ്രഥമൻ എന്നിവയ്ക്ക് ആവശ്യമായ അട ഉണ്ടാക്കുന്നതിനും വാഴയിലയാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇവയും റെഡിമെയ്ഡാണ്. വരവ് ഇലയ്ക്ക് മൂന്ന് രൂപയും നാടൻ ഇലയ്‌ക്ക് അഞ്ച് രൂപയുമാണ് വില. Read on deshabhimani.com