അവകാശങ്ങൾ അർഹരിലേക്ക്‌

ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ മുടങ്ങിയത് നൽകണമെന്നാവശ്യപ്പെട്ട് ബിജു നൽകിയ പരാതിയിൽ പെൻഷൻ വീണ്ടും ലഭിക്കുമെന്ന വിവരം അറിയിക്കുന്ന മന്ത്രി വി എൻ വാസവൻ


 വൈക്കം വൈക്കം താലൂക്കിലെ ‘കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ 50 പരാതികൾക്ക് ഉടനടി പരിഹാരമായി. അദാലത്തിനുമുമ്പ്‌ ലഭിച്ച 126 അപേക്ഷകളിൽ 58 എണ്ണമാണ് അദാലത്തിന്റെ പരിഗണനാവിഷയത്തിൽ ഉൾപ്പെട്ടത്. ഇതിൽ 50 എണ്ണത്തിലാണ് ഉടനടി തീർപ്പുണ്ടായത്. മറ്റ് അപേക്ഷകളിൽ 15 ദിവസത്തിനകം തുടർനടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കുന്നതിന് വകുപ്പുകൾക്ക് നിർദേശം നൽകി. അദാലത്ത് ദിവസം കൗണ്ടറിലൂടെ 328 പരാതികൂടി ലഭിച്ചു. ആകെ 454 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. അദാലത്ത് ദിവസം ലഭിച്ചതടക്കമുള്ള ശേഷിക്കുന്ന പരാതികളിൽ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കി അപേക്ഷകനെ രേഖാമൂലം അറിയിക്കാൻ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരെ  ചുമതലപ്പെടുത്തി. ഭൂമിയുടെ ന്യായവില അപാകതകൾ പരിഹരിക്കൽ, കെട്ടിട നിർമാണ ചട്ടം പാലിക്കാതെ മാറ്റംവരുത്തിയ നിർമാണങ്ങൾക്ക് പെർമിറ്റ് അനുവദിക്കൽ, സർവേ, കെട്ടിടത്തിന് നമ്പരിടൽ, പോക്കുവരവ് ചെയ്യൽ, അപകടകരമായ മരം മുറിച്ചുമാറ്റൽ, പെൻഷൻ അനുവദിക്കൽ, വഴി കൈയേറ്റം തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതൽ അപേക്ഷകൾ വന്നത്.  വല്ലകം സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. സി കെ ആശ എംഎൽഎ, കലക്ടർ ജോൺ വി സാമുവൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി വി സുനിൽ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, എ ഡി എം ബീന പി ആനന്ദ്, പാലാ ആർ ഡി ഒ കെ പി ദീപ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News