വേഗപ്പൂട്ടിൽ പൂട്ട്‌ വീണു

കോട്ടയം നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധന


കോട്ടയം സ്വകാര്യബസുകളുടെ നിയമലംഘനങ്ങളും അപകടങ്ങളും തുടർകഥയായതോടെ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പ്‌. ചൊവ്വ പകൽ മൂന്നിന്‌ നാഗമ്പടം മുനിസിപ്പൽ ബസ്‌ സ്‌റ്റാൻഡിൽ കോട്ടയം എൻഫോഴ്‌സ്‌മെന്റ്‌ ആർടിയുടെ വിവിധ സ്ക്വാഡുകൾ പരിശോധന നടത്തി. പലബസുകളിലും വേഗപ്പൂട്ടും, ജിപിഎസ്‌ സംവിധാനവും പ്രവർത്തനരഹിതമാണെന്ന്‌ കണ്ടെത്തി. ഇവ കൃത്യമായി പ്രവർത്തിച്ചാൽ വാഹനങ്ങളുടെ വേഗത, ഓടുന്ന സമയം, സ്ഥലം ഉൾപ്പെടെയുള്ള തത്സമയ വിവരങ്ങൾ ‘സുരക്ഷാമിത്ര’ ആപ്പ്‌ വഴി ലഭ്യമാകും. ഇതുവഴി അമിതവേഗം, മത്സരയോട്ടം തുടങ്ങിയവയ്‌ക്ക്‌ തടയിടാനാകും. എന്നാൽ ഇവ പ്രവർത്തനരഹിതമാക്കി യഥേഷ്‌ടം സർവീസ്‌ നടത്തുന്ന രീതിയാണ്‌ പലരും അവലംബിക്കുന്നത്‌.    
   വേഗപ്പൂട്ട്‌ പ്രവർത്തിപ്പിക്കാതെ ഓടിയ ആറ്‌ ബസുകളുടെ സർവീസ്‌ നിർത്തിവെപ്പിച്ചു. ഈ വാഹനങ്ങൾ വേഗപ്പൂട്ട്‌ ഘടിപ്പിച്ച്‌ രജിസ്‌ടേഷൻ അതോറിറ്റിയിൽ ഹാജരാക്കിയശേഷമേ സർവീസ് നടത്താവൂ. ജിപിഎസ്‌ പ്രവർത്തിപ്പിക്കാത്തവർ ഇവ റീചാർജ്‌ചെയ്‌ത്‌ സർട്ടിഫിക്കറ്റ്‌ നൽകണം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളുംനൽകി. കോട്ടയം എൻഫോഴ്സ്മെന്റ് എംവിഐ ബിനോയ് ജോസഫ്, ബി ആശാകുമാർ, എഎംവിഐമാരായ ജോർജ് വർഗീസ്, മനോജ് കുമാർ, സെന്തിൽ, സുരേഷ് കുമാർ, രജീഷ്, ജെറാൾഡ് വിൽസ് തുടങ്ങിയവർ പരിശോധനക്ക്‌ നേതൃത്വംനൽകി. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റു ബസ്‌ സ്റ്റാൻഡുകളിലും വാഹനപരിശോധന നടത്തും.     Read on deshabhimani.com

Related News