തിരിച്ചുപിടിച്ചത്‌ 5200 ഏക്കർ

കഴിഞ്ഞവർഷം കൃഷി ആരംഭിച്ച  തൈങ്ങനാടി പാടശേഖരത്ത് മരുന്നടിക്കുന്ന തൊഴിലാളി  


  കോട്ടയം തരിശുനില നെൽകൃഷിയിൽ കോട്ടയത്തിന്റെ വിജയഗാഥ കൂടുതൽ പാടങ്ങളിലേക്ക്‌. കഴിഞ്ഞവർഷം വരെ 4500 ഏക്കർ തരിശുപാടം‌ കൃഷിയിലേക്ക്‌ തിരിച്ചെത്തി‌. ഇത്തവണ പുഞ്ചകൃഷിയിൽ 700 ഏക്കർ കൂടി ഒരുങ്ങുന്നതോടെ ഇത്‌ ‌ 5200 ഏക്കറാകും‌. സംസ്ഥാനതലത്തിൽ കോട്ടയത്തിനുമാത്രം അവകാശപ്പെട്ടതാണ്‌ ഈ നേട്ടം. മറ്റ്‌ ജില്ലകളിൽ തരിശുനില നെൽകൃഷി ഇത്രയേറെ സജീവമല്ല.     കാക്കൂർ ചെമ്പാവാലി , മൂഴികുന്ന്‌ തുരുത്തുമേൽ, മുടിയൂർക്കര പുഞ്ച, മാങ്ങാനം മുണ്ടകപ്പാടം, ചാന്നാനിക്കാട്‌ പാടം, തിരുവാതുക്കൽ ഇളവനാക്കരി, തിരുവാർപ്പ്‌ അകത്തുപാടം, കുമരകം മറ്റീത്ര ചാഴിവേലിക്കരി, വേളൂർ പൈനിപ്പാടം, കൊല്ലാട്‌ കിഴക്കുപുറം, മുട്ടം കുരയ്‌ക്കലാർ, മണർകാട്‌ വിഎംകെ പാടം തുടങ്ങിയ തരിശുപാടങ്ങൾ ഇത്തവണ കൃഷിയോഗ്യമായി വരികയാണ്‌.     മീനച്ചിലാർ–-മീനന്തറയാർ-–കൊടൂരാർ - നദി പുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്‌മ തുടങ്ങിയിട്ട പ്രവർത്തനം സംസ്ഥാന സർക്കാരും പിന്തുണച്ചതോടെയാണ്‌ വലിയ വിജയമായത്‌. ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ്‌, കൃഷിവകുപ്പ്‌, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെയെല്ലാം കൂട്ടായ പങ്കാളിത്തവും ഫണ്ടും പാടങ്ങൾ കൃഷിയോഗ്യമാക്കാൻ‌ സഹായമായി.  ജലസേചനസൗകര്യം നിലച്ചതും കർഷകർ കൃഷി ഉപേക്ഷിച്ചതുമാണ്‌ ജില്ലയിൽ തരിശുപാടങ്ങൾ വർധിപ്പിച്ചത്‌. നീരൊഴുക്ക്‌ തിരികെപ്പിടിക്കാനുള്ള ജനകീയ കൂട്ടായ്‌മയുടെ ഇടപെടലാണ്‌ ഈ രംഗത്തെ ആദ്യ വിജയം. നദി പുനർസംയോജന പദ്ധതിയിലൂടെ ജില്ലയുടെ സിരകളായിരുന്ന തോടുകൾ തെളിച്ചെടുത്തു. മീനച്ചിലാറ്റിൽനിന്ന് ലിഫ്‌റ്റ്‌ ഇറിഗേഷനിലൂടെ മടയ്‌ക്കതോട്ടിലേക്ക്‌ വെള്ളമെത്തിക്കുന്ന പദ്ധതിയും ‌തുടങ്ങി. തോടുകൾ ഒഴുകിത്തുടങ്ങിയതോടെ  പാടങ്ങളിലും വെള്ളമെത്തി. ആദ്യ വർഷം 1200 ഏക്കർ തരിശുപാടങ്ങൾ ഒരുക്കി കൃഷി ആരംഭിച്ചു. കൊടൂരാറിന്റെ തീരങ്ങളിൽ മാത്രം 2,000 ഏക്കറാണ്‌ തിരികെപിടിച്ചത്‌.   നെൽകൃഷി വ്യാപകമായെങ്കിലും ജില്ലയിലാകെ ഇനിയും 10,000 ഏക്കർ തരിശുനിലമുണ്ടെന്നാണ്‌ നദി പുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്‌മയുടെ കണ്ടെത്തൽ. ജില്ലയുടെ കിഴക്കോട്ടും കൃഷി വ്യാപിപ്പിക്കുന്നതായി പദ്ധതി കോ–-ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ പറഞ്ഞു. കാണക്കാരിയിൽ 200 ഏക്കറിൽ കൃഷി ആരംഭിക്കും. കുറവിലങ്ങാട്‌ വരെ കൃഷി പുനരാരംഭിക്കാൻ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.  പദ്ധതി പ്രവർത്തനം ഇങ്ങനെ   അടുത്തവർഷം ഒരു തരിശുപാടത്ത്‌ കൃഷി ഇറക്കണമെന്ന്‌ ആഗ്രഹിച്ചാൽ അതിനുള്ള ശ്രമം ഒരുവർഷം മുമ്പേ തുടങ്ങണം.  കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കി പാടശേഖരസമിതി രജിസ്‌റ്റർ ചെയ്യണം  വിവിധ വകുപ്പുകളുടെ ഏകോപനം വേണം കൃഷി അനുഭവങ്ങൾ നഷ്ടപ്പെട്ട തലമുറയെ പാടത്തേക്ക്‌ കൊണ്ടുവരണം   Read on deshabhimani.com

Related News