അത്തപ്പൂവും നുള്ളി പൊന്നൂഞ്ഞാലിലാടാം
കോട്ടയം ഓണപ്പുലരി വിടർന്നു, എങ്ങും നിറചിരിയും ആഘോഷങ്ങളും. ഉത്രാടപ്പാച്ചിൽ പൂർത്തിയാക്കി നാടും നഗരവും ഞായറാഴ്ച സമൃദ്ധിയുടെ തിരുവോണാഘോഷങ്ങളിലാണ്. വർണ്ണപ്പൊലിമയിൽ പൂക്കളവും തൂശനിലയിൽ ഓണസദ്യയും നീളൻ ഊഞ്ഞാലുകളും ഓണക്കളികളുമൊക്കെ ഒരുക്കി ഇത്തവണ ഓണം ഗംഭീരംതന്നെ. ഓണപ്പാച്ചിൽ ഓണം അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു ശനിയാഴ്ച ജില്ല. തിരുവോണസദ്യക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കൾവാങ്ങാനും പ്രായഭേദമന്യേ ആളുകൾ എത്തിയതോടെ നാടും നഗരവും തിരക്കിലലിഞ്ഞു. ഉത്രാടപ്പാച്ചിൽ ശനിയാഴ്ച ആയിരുന്നെങ്കിലും വ്യാഴാഴ്ച മുതൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എങ്കിലും ഉത്രാടനാളിൽ അവസാനവട്ട ഒരുക്കങ്ങൾക്കായി എത്തിയവരാൽ നിബിഡമായിരുന്നു എല്ലായിടവും. സ്ഥിരം കച്ചവടകേന്ദ്രങ്ങൾക്ക് പുറമെ നാടൻ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകൾതോറും പച്ചക്കറി സ്റ്റാളുകളും ഉപ്പേരി, പായസ പൂക്കടകളുമൊക്കെ തുറന്നിരുന്നു. ഓണം ലക്ഷ്യം വച്ച് നാട്ടിൽ തന്നെ കൃഷി ചെയ്ത പൂക്കൾ ഇത്തവണ സുലഭമായിരുന്നു. എങ്കിലും തമിഴ്നാട് പൂക്കളും വിപണിപിടിച്ചു. മഴയും വെയിലും മാറിമാറി വന്ന കാലാവസ്ഥയായിരുന്നു ശനിയാഴ്‌ച. ഉച്ചയോടെ പെയ്‌ത മഴയിലും കച്ചവടം പൊടിപൊടിച്ചതോടെ വലിയ ഗതാഗതക്കുരുക്കാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്. അത്തംനാൾ തുടങ്ങിയ ഓണാവേശം ഉത്രാടപ്പാച്ചിലോടെ ഉച്ചസ്ഥായിയിലെത്തി. സംസ്ഥാന സർക്കാർ വിപണിയിൽ ഫലപ്രദമായ ഇടപെടൽ നടത്തിയതോടെ അല്ലലില്ലാതെ ഓണമൊരുക്കാനുള്ള സാഹചര്യവും ഒരുങ്ങി. സപ്ലൈകോ ജില്ലാതലത്തിലുൾപ്പെടെ ഒരുക്കിയ 10 ചന്തകളിലും സപ്ലെെകോ ഔട്ട് ലെറ്റുകളിലും കൺസ്യൂമർഫെഡിന്റെ സഹകരണച്ചന്തയിലുമെല്ലാം വലിയ തിരക്കാണ് ഉണ്ടായത്. കുടുംബശ്രീ നേതൃത്വത്തിലും ജില്ലയിലുടനീളം ചന്തകൾ പ്രവർത്തിച്ചിരുന്നു. എല്ലാ ചന്തകളും ശനിയാഴ്‌ച വൈകിട്ടോടെ സമാപിച്ചു. Read on deshabhimani.com