എരുമേലിയിൽ ഭവനനിർമാണ ബോർഡിന്റെ പാർക്കിങ് സൗകര്യം ആരംഭിച്ചു



എരുമേലി ശബരിമല തീർഥാടകർക്കായി എരുമേലി ചെറിയമ്പലത്തിനുസമീപം ഭവനനിർമാണ ബോർഡ്‌ ഒരുക്കിയ പാർക്കിങ്‌ സൗകര്യം മന്ത്രി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. പാർക്കിങ്‌ ഗ്രൗണ്ടിന്റെ ഇരുവശത്തേക്കുമുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ അനുവദിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. ഇത്തവണത്തെ ശബരിമല തീർഥാടനകാലം പൂർത്തിയായാലുടൻ എരുമേലിയിലെ ഭവനനിർമാണ ബോർഡിന്റെ സ്ഥലത്ത് കൺവൻഷൻ സെന്റർ അടക്കമുള്ള സൗകര്യങ്ങളോടെ ഡിവോഷണൽ ഹബ്ബിന്റെ നിർമാണപ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിക്കും. ബോർഡിന്റെ ഉടമസ്ഥതയിൽ എരുമേലി ചെറിയമ്പലത്തിന് സമീപമുള്ള ആറരയേക്കറിൽ പകുതിസ്ഥലത്താണ് പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷനായി. കലക്ടർ ജോൺ വി സാമുവൽ, സംസ്ഥാന ഭവനനിർമാണ ബോർഡ് ചെയർമാൻ ടി വി ബാലൻ, സെക്രട്ടറി ഷീബ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുജി സണ്ണി, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ്, പഞ്ചായത്തംഗം പി എ ഷാനവാസ്,  ഭവനനിർമാണ ബോർഡംഗം സുഭാഷ് പുഞ്ചക്കോട്ടിൽ, കെഎസ്എച്ച്ബി ടെക്‌നിക്കൽ അംഗം വി ഉണ്ണികൃഷ്ണൻ, ചീഫ് എൻജിനിയർ എസ് ഗോപകുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധി പി എ താഹ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News