വൈക്കം ഗവ. ആശുപത്രിയിൽ 
കാത്ത് ലാബ് സൗകര്യം ഏർപ്പെടുത്തണം



തലയോലപ്പറമ്പ് വൈക്കം ഗവ. ആശുപത്രിയിൽ കാത്ത് ലാബ് സൗകര്യം ഏർപ്പെടുത്താൻ ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്ന് സിപിഐ എം തലയോലപ്പറമ്പ് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹൃദ്രോഗ സംബന്ധമായ അസുഖങ്ങൾ മൂലം വൈക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരെ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന സാഹചര്യമാണുള്ളത്.  ഇത് പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന മൂവാറ്റുപുഴയാർ കെപിപിഎല്ലിൽനിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത് മൂലം മലിനീകരിക്കപ്പെട്ടിരിക്കുകയാണ്‌. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് കേന്ദ്രസർക്കാർ അടച്ചുപൂട്ടിയശേഷം  കേരള സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചെങ്കിലും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുന്നില്ല. മലിനീകരണ പ്രശ്നത്തിൽ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചെങ്കിലും ഇപ്പോൾ തടസ്സപ്പെട്ട്‌ കിടക്കുന്ന മുളക്കുളം ഏഴുമാന്തുരുത്ത് റോഡ് ഗതാഗതയോഗ്യമാക്കുക,  മണൽവാരൽ നിരോധനം പിൻവലിക്കുക, വടയാർ മേഖലയിൽ  ആറ്റുതീര ബണ്ട് സ്ഥാപിക്കുക,  കുറുന്തറപുഴയിലെയും ഉൾതോടുകളിലെയും നീരൊഴുക്ക് വർധിപ്പിക്കാനും പാടശേഖരങ്ങൾക്ക് പുറംബണ്ട് നിർമിക്കുന്നതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുക, കെപിപിഎല്ലിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക,  ദേവസ്വം ബോർഡ് കോളേജിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.  സീതാറാം യെച്ചൂരി നഗറിൽ(പാലസ് കൺവൻഷൻ സെന്റർ തലയോലപ്പറമ്പ്) നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം പൊതുചർച്ചയോടെയാണ് ആരംഭിച്ചത്. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, സി ജെ ജോസഫ് എന്നിവർ മറുപടി പറഞ്ഞു. പ്രവർത്തനറിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ഏരിയസെക്രട്ടറി കെ ശെൽവരാജ് മറുപടി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ് എന്നിവർ സംസാരിച്ചു. എ പത്രോസ് നന്ദി പറഞ്ഞു. Read on deshabhimani.com

Related News