പാടം കണ്ടാൽ ഉറപ്പ്‌; അത്‌ ഇട്ടൂപ്പ്‌ മോഡൽ

കുമരകം മന്ദിരത്തിൽ ജോയി ഇട്ടൂപ്പ്‌


കോട്ടയം ‘‘മീൻ കൊത്തിയൊരുക്കിയിട്ട നിലം കണ്ടാലുണ്ടല്ലോ... ഏഴോമനയാ...വറ്റിക്കഴിഞ്ഞാ അപ്പോതന്നെ വിതയ്‌ക്കാൻ തോന്നും.’’ ഇഷ്ടംകൊണ്ട് വാക്കുകൾ മുറിഞ്ഞ്‌ നിറയുന്ന മനവും കണ്ണുമുള്ളൊരാൾ. മണ്ണിന്റെ കാവലാളായ, പൊന്ന്‌ കണ്ടെടുത്ത തനി കർഷകൻ കുമരകം മന്ദിരത്തിൽ ജോയി ഇട്ടൂപ്പ്‌.  വ്യത്യസ്‌ത കൃഷിരീതികൾ ഒരേസമയത്ത്‌ പരീക്ഷിച്ച് വിജയം കണ്ടൊരാൾ. ചെലവുകുറഞ്ഞതും ലാഭകരവുമായ കൃഷിക്ക്‌ ലഭിച്ചത്‌ വൻപ്രചാരവും. 31 വർഷത്തോളമായി കൃഷിതന്നെ ജീവശ്വാസം. പെെനാപ്പിളും കപ്പയും വാഴയും പക്ഷിമൃഗാദികളും തുടങ്ങി കെെവയ്ക്കാത്ത മേഖലകളൊന്നുമില്ല. ശ്രദ്ധനേടിയത് നെല്ലിലും മീനിലും.    ഫിഷ് ക്ലിക്ക്ഡ്   നെൽകൃഷി ലാഭകരമാക്കാൻ നടത്തിയ ശ്രമങ്ങളിൽനിന്ന്‌ സ്വന്തം പേരിലൊരു കൃഷിരീതി തന്നെ രൂപമെടുത്തു. ഇട്ടൂപ്പ്‌ മോഡൽ മീൻകൃഷി. 1993 ലാണ്‌ ഒരു നെല്ലും മീനും പദ്ധതിയുടെ ചുവടുപിടിച്ച്‌ കൃഷിരീതികൾ പരീക്ഷിച്ചുതുടങ്ങിയത്‌. കൃഷിയിടത്തിൽ മത്സ്യക്കുഞ്ഞുങ്ങൾക്കുള്ള നഴ്‌സറിക്കുളം ഒരുക്കം. ബാക്കിയുള്ളിടത്ത്‌ വെള്ളംവറ്റിച്ച്‌ നെൽകൃഷി. നെല്ല്‌ മൂക്കുമ്പോഴേക്കും മീൻകുഞ്ഞുങ്ങളും വളർച്ചയെത്തും. നെല്ല്‌ വിളവെടുപ്പിനുശേഷം പാടത്ത്‌ വെള്ളംനിറച്ച്‌ മീൻകുഞ്ഞുങ്ങളെ തുറന്നുവിടും. വിളവെടുപ്പിനുശേഷം കച്ചിയൊന്നും കരയ്ക്കുകയറ്റില്ല. കച്ചി അഴുകി വെള്ളം തെളിയുമ്പോഴാണ് മീൻകുഞ്ഞുങ്ങളെ തുറന്നുവിടുക. ഇതിന് ഒരുമാസമെടുക്കും. വിളവെടുപ്പിനുശേഷം വീണ്ടും കൃഷിയിറക്കാം.  ചെലവുകുറയ്‌ക്കാം 
ലാഭം കൊയ്യാം മത്സ്യകൃഷി കഴിഞ്ഞാൽ പാടത്ത് യാതൊരു പണിയുമില്ലാതെ കൃഷിയിറക്കാം. നിലം ഉഴുതുമറിക്കേണ്ട, ഒരുക്കണ്ട. മീൻ കൊത്തിക്കൊത്തി കളയൊന്നും ബാക്കിയുണ്ടാവില്ല. ഇദ്ദേഹത്തിന്റെ പാടത്ത്‌ 10 വർഷത്തിലൊരിക്കലാണ്‌ നിലം ഉഴുന്നത്‌. ഇപ്രകാരം കഴിഞ്ഞവർഷം ഉഴുതിരുന്നു.    മീൻ കാഷ്‌ടം നെല്ലിന്‌ മികച്ചവളമാണ്‌. നെൽകൃഷിക്കുശേഷമുള്ള വൈക്കോൽകുറ്റികളും പൊഴിഞ്ഞുവീഴുന്ന നെൽമണികളും മീന് തീറ്റയാവും. തീറ്റച്ചെലവും ലാഭം. രാസവളവും ഒഴിവാക്കാം. അടുത്ത പാടശേഖരങ്ങളിലെ കീടങ്ങളെവരെ തടയാൻ നെൽവയലിലെ മത്സ്യകൃഷി ഉപകരിക്കും. വലിയ ലെെറ്റുകൾ ഇട്ട് കീടങ്ങളെ അകറ്റാം. വെളിച്ചത്തിൽ വീഴുന്ന ഈച്ചകളെയും പ്രാണികളെയും മീൻ ഭക്ഷണമാക്കും. മുഞ്ഞയെവരെ ഇത്തരത്തിൽ പ്രതിരോധിക്കാം. കീടനാശിനിയും ഒഴിവാക്കാം.   തളരാൻ മനസില്ല നടവഴി മാത്രമുണ്ടായിരുന്നിടത്ത്‌ ബണ്ട് കെട്ടിപ്പൊക്കി നിലവും ചാലുമൊരുക്കി നെല്ലും മീനും തുടങ്ങി വീട്ടാവശ്യത്തിനുള്ളതെല്ലാം സ്വന്തം മണ്ണിൽനിന്നുതന്നെ വിളയിച്ചിരുന്ന ഉൾക്കരുത്തിനിപ്പോൾ 73. കൊഞ്ചുമട മുത്തന്റെനട ക്ഷേത്രത്തിനുസമീപമാണ്‌ കൃഷിയിടം. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും തളർത്താത്ത മനസുകൊണ്ട്‌ ഇനിയുമേറെ ചെയ്യാനുണ്ടെന്നാണ്‌ ഇട്ടൂപ്പിന്റെ ഭാഷ്യം. കുമരകത്തെ പ്രാദേശിക കൃഷി ഗവേഷണകേന്ദ്രത്തിന്റെ മാർഗനിർദേശത്താലാണ് പരീക്ഷണങ്ങളത്രയും. വിദേശത്തുനിന്ന്‌ ഗവേഷണകേന്ദ്രത്തിലെ കുട്ടികളടക്കം കൃഷിരീതികളെപറ്റി പഠിക്കാനെത്തുന്നു. മുൻമന്ത്രി ടി കെ രാമകൃഷ്ണനൊപ്പം കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനകീയ മത്സ്യകൃഷി പ്രചാരണത്തിനും മുന്നിൽനിന്നു.    രണ്ടുവർഷംമുന്നേ ശരീരമൊന്ന് പിണങ്ങിയതോടെ ബെെപാസിനുശേഷം മാറിനിൽക്കേണ്ടിവന്നു. ഭൂമി പാട്ടത്തിനുകൊടുത്തു. ഒരിക്കൽ ചെയ്തതെല്ലാം ഇന്ന് നല്ലയോർമ്മകൾ മാത്രമായി. അതുകൊണ്ടുതന്നെ ഇത്തവണ ഇട്ടൂപ്പ് നേരിട്ടിറങ്ങി. ഇപ്പോഴുള്ളത് നെല്ലും മീനും കുരുമുളകും തെങ്ങും മാത്രമെങ്കിലും അവയ്ക്ക് വീണ്ടും ജീവൻ കൊടുക്കാൻ. ഇനി വിളവെടുപ്പിനുള്ള കാത്തിരിപ്പ്‌. Read on deshabhimani.com

Related News