സഞ്ചാരികളെ ത്രില്ലടിപ്പിച്ച്‌ കോട്ടയം



കോട്ടയം പൂജാഅവധി ദിനങ്ങളിൽ കോട്ടയത്തിന്റെ മനോഹാരിതയിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. മഴ മുന്നറിയിപ്പുണ്ടായിട്ടും ആയിരങ്ങളാണ്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക്‌ എത്തിയത്‌. ഇടവേളകൾക്ക്‌ ശേഷമുള്ള ഈ തിരക്ക്‌ ടൂറിസം മേഖലയ്ക്കും  ഉണർവേകി. അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികൾ ഒഴുകിയെത്തിയതോടെ വാഗമൺ, ഇല്ലിക്കൽക്കല്ല്‌, ഇലവീഴാപൂഞ്ചിറ, കുമരകം, അരുവിക്കുഴി വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം സഞ്ചാരികൾ നിറഞ്ഞു.  ഡിടിപിസിയുടെ കീഴിലുള്ള ഇല്ലിക്കൽക്കല്ല്‌, അരുവിക്കുഴി എന്നിവിടങ്ങളിൽ അവധി ദിനങ്ങളിൽ മാത്രം 6500ൽപരം സഞ്ചാരികൾ എത്തി.  മഹാനവമി ദിനമായ ശനിയാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. മഴയായതോടെ ഞായറിൽ തിരക്ക്‌ അൽപ്പം കുറഞ്ഞു. ഇടിമിന്നൽ മുന്നറിയിപ്പ്‌ കൂടി ഉണ്ടായിരുന്നതിനാൽ ഇല്ലിക്കൽക്കല്ലിലേക്ക്‌ പല സമയങ്ങളിലും സഞ്ചാരികളെ കടത്തി വിടാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. പ്രധാന കേന്ദ്രങ്ങളിലേക്കുള്ള പാതകളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അല്ലായിരുന്നെങ്കിൽ എണ്ണത്തിൽ ഇതിലും വർധനയുണ്ടാകുമായിരുന്നെന്ന്‌ അധികൃതർ പറഞ്ഞു. കുമരകത്തിന്റെ സ്ഥിതിയും സമാനമായിരുന്നു. ഏറെക്കാലത്തിന്‌ ശേഷം എല്ലാ ബോട്ടുകളിലും സഞ്ചാരികൾ നിറഞ്ഞു. കൂടുതലും മലയാളികളാണ്‌   കായൽ സൗന്ദര്യം ആസ്വദിക്കാനെത്തിയത്‌. തമിഴ്‌നാട്ടിൽനിന്നുള്ളവരും ഹൗസ്‌ ബോട്ട്‌ യാത്രക്കെത്തി.   മുൻവർഷങ്ങളിലെ അപേക്ഷിച്ച്‌ ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെ വരവ്‌ കുറഞ്ഞത്‌ ആശങ്കയാണെന്ന്‌ ഹൗസ്‌ ബോട്ട്‌ ഉടമകൾ പറഞ്ഞു. അവധി ദിനങ്ങൾ കഴിയുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും ഹൗസ്‌ ബോട്ട്‌ വ്യവസായത്തിന്‌ തിരിച്ചടിയാകുന്നുണ്ട്‌. നിലവിൽ നൂറ്‌ ബോട്ടുകളാണ്‌ കുമരകം ഭാഗത്തുള്ളത്‌. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി നൂറോളം പേരും കുമരകത്ത്‌ എത്തി.  അമേരിക്കയിൽനിന്നുള്ള സഞ്ചാരികളാണ്‌ ഗ്രാമീണ 
ഭംഗി അറിയാനെത്തിയത്‌. Read on deshabhimani.com

Related News