മഴ ശക്തിയാർജിച്ചു, വേണം ജാഗ്രത

പഴയിടം കോസ്‌വേയില്‍ വെള്ളം കയറിയപ്പോള്‍


കോട്ടയം  ജില്ലയുടെ മലയോരമേഖലയിൽ വെള്ളിയാഴ്‌ച രാത്രിപെയ്‌തത്‌ അതിശക്തമായ മഴ. കനത്തമഴയിൽ മലയോരമേഖലയിലെ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. അതേസമയം ശനിയാഴ്‌ച രാവിലെയോടെ മഴയ്‌ക്ക്‌ കുറവുണ്ടായി. അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ഞായറാഴ്‌ച ജില്ലയിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 109.33 മില്ലിമീറ്റർ മഴ ലഭിച്ചു. മുണ്ടക്കയത്താണ്‌ കൂടുതൽ മഴ ലഭിച്ചത്‌ 242 മില്ലിമീറ്റർ. കുറവ്‌ കോഴയിൽ 7.4 മില്ലിമീറ്റർ. കൂവപ്പള്ളി വില്ലേജിൽ കറിപ്ലാവ്‌ അങ്കണവാടിക്കുസമീപം മണ്ണിനടിയിൽനിന്ന്‌ ഉറവകൾ രൂപപ്പെട്ടിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ അപകടസാധ്യത ഒഴിവാക്കാൻ സമീപത്തെ 30 കുടുംബങ്ങൾക്ക്‌ മാറിതാമസിക്കാൻ റവന്യു, പഞ്ചായത്ത്‌ അധികൃതർ നിർദേശംനൽകി. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്ത്‌ അനങ്ങംപടിയിൽ വെള്ളി രാത്രി 10.30 ഓടെ മണ്ണിടിച്ചിലുണ്ടായി. നിലവിൽ സ്ഥിതിഗതികൾ സാധാരണനിലയിലാണ്‌.  നദികളിൽ ജലനിരപ്പ്‌ അപകടനിലയ്‌ക്കും താഴെയാണ്‌. എന്നാൽ മണിമലയാറ്റിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്‌. മുണ്ടക്കയത്ത്‌ ജലനിരപ്പ്‌ താഴ്‌ന്നുതുടങ്ങി. പാലായിൽ മീനച്ചിലാറ്റിൽ ജലനിരപ്പ്‌ താഴ്‌ന്നു, നാഗമ്പടം ഭാഗത്ത്‌ വെള്ളം ഉയർന്നിട്ടുണ്ട്‌.   Read on deshabhimani.com

Related News