അപകടത്തിൽ തളർന്നില്ല; ഉയരെ കുതിക്കാൻ ഉണ്ണി

ഉണ്ണി രേണു പരിശീലനത്തിൽ


ഏറ്റുമാനൂർ അവിചാരിതമായുണ്ടായ അപകടം ജീവിതം തളർത്തിയെങ്കിലും ഉയരങ്ങൾ ലക്ഷ്യമാക്കിയുള്ള പ്രയത്നത്തിലാണ് ആർപ്പൂക്കര തെക്കേടത്ത് ഉണ്ണി രേണു. കരസേനയിൽ ഹവീൽദാറായ ഉണ്ണി അംഗപരിമിതരുടെ ഏഷ്യൻ ഗെയിംസിൽ ഹൈജംപിൽ മത്സരിക്കുകയാണ്‌. ചൈനയിൽ നടക്കുന്ന ഗെയിംസിൽ 23നാണ്‌ ഉണ്ണിയുടെ മത്സരം. ഷാർജയിൽ നടന്ന വേൾഡ് പാര അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിയും മെക്സിക്കോയിൽ നടന്ന വേൾഡ് ഗ്രാൻഡ് പ്രിക്സ് മത്സരത്തിൽ സ്വർണവും നേടിയിരുന്നു. തുടർന്നാണ് ഏഷ്യൻ ഗെയിംസിലേക്ക് വഴിതുറന്നത്‌. കുട്ടിക്കാലം മുതൽ ഹൈജംപ്‌ പരിശീലിച്ച ഉണ്ണി നിരവധി വിജയങ്ങളും ഒപ്പംകൂട്ടി. 2012ൽ കരസേനയിൽ ചേർന്നു. പുണെയിൽ ഹവിൽദാറായിരിക്കെ 2019ൽ അവധിക്ക് നാട്ടിലെത്തിയപ്പോഴുണ്ടായ അപകടം കായികജീവിതത്തെയും ബാധിച്ചു. ഉണ്ണി സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ ഇടിച്ച്‌  വലതുകാലിന് ഗുരുതര പരിക്കേറ്റു. ചികിത്സ നടത്തിയെങ്കിലും കാലിന്‌ ചെറിയ നീളക്കുറവും 50 ശതമാനം ബലക്കുറവും. നിരാശനാകാതെ ഉണ്ണി കാലിൽ സ്‌റ്റീൽ റാഡിട്ട്‌ പരിശീലനം തുടർന്നു.  കരസേനയെ പ്രതിനിധീകരിച്ച്‌ ഏഷ്യൻ പാരാഗെയിംസിൽ പങ്കെടുക്കുന്ന ഏക മലയാളിയാണ് ഉണ്ണി. അച്ഛൻ രേണുവും അമ്മ ഉഷയും കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് തട്ടുകട നടത്തുകയാണ്‌. ഫിറ്റ്നസ് ട്രയിനിങ് കോഴ്സ് പരിശീലിക്കുന്ന അശ്വതിയാണ് ഭാര്യ. മകൾ ഇഗ. ടാക്സി ഡ്രൈവർ ശംഭു സഹോദരനാണ്. Read on deshabhimani.com

Related News