തെളിഞ്ഞു, പ്രതീക്ഷയുടെ പുഞ്ചിരികൾ

കരുതലും കൈത്താങ്ങും കാഞ്ഞിരപ്പള്ളി താലൂക്കുതല അദാലത്ത് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞിരപ്പള്ളി ദീർഘകാലമായി വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങിയ അനേകർക്ക്‌ ആശ്വാസം പകർന്ന്‌ കരുതലും കൈത്താങ്ങും താലൂക്ക്‌ അദാലത്തിന്‌ ജില്ലയിൽ സമാപനം. മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്റ്റിനും ജനങ്ങൾക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നായിരുന്നു നടപടികൾ. അവരുടെ അരികിലെത്തി പരാതികൾ കേട്ട് ഉടൻ പരിഹാരം കണ്ടെത്തി നൂറുകണക്കിന്‌ പേരുടെ മുഖത്ത്‌ പുഞ്ചിരി സമ്മാനിച്ചാണ്‌ അദാലത്തുകൾക്ക്‌ സമാപിച്ചത്‌. സാമൂഹിക ക്ഷേമ പെൻഷൻ അനുവദിക്കൽ, അപകടകരമായ മരങ്ങൾ മുറിക്കൽ, മുൻഗണന റേഷൻ കാർഡ് അനുവദിക്കൽ, സർവേ, വീടുകൾക്ക് സംരക്ഷണം ഒരുക്കൽ, ഭൂമിസംബന്ധമായ പരാതികൾ തുടങ്ങി വിവിധ വിഷയങ്ങൾക്കായി അദാലത്തിന്‌ എത്തിയവർ പ്രതീക്ഷയുടെ പുതുവെളിച്ചം നിറച്ചാണ്‌ മടങ്ങിയത്‌.  അഞ്ച്‌ താലൂക്കിലായി നടന്ന അദാലത്തുകളിലായി 537 പരാതികളാണ്‌ പരിഹരിച്ചത്‌. മൊത്തം 1675 അപേക്ഷകളാണ് ലഭിച്ചത്. 1138 അപേക്ഷകൾ 15 ദിവസത്തിനകം തീർപ്പാക്കി അപേക്ഷകരെ രേഖാമൂലം അറിയിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. കാഞ്ഞിരപ്പള്ളി താലൂക്കിൽ ചൊവ്വാഴ്ച നടന്ന അദാലത്തിൽ മൊത്തം 288 പരാതികളാണ് ലഭിച്ചത്. ഇതിൽ 138 അപേക്ഷകൾ ഉടൻ തീർപ്പാക്കി. എല്ലാ വകുപ്പുകളുടെയും ജില്ലാ ഉദ്യോഗസ്ഥരും പരാതികളുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News