കളിവള്ളം കാര്യമാക്കി ഷാലു
കോട്ടയം ഉളിയും കൊട്ടുവടിയുമായി ഒന്നിരുന്നാൽമതി ഷാലുവിന്റെ കരവിരുതിൽ വിരിയും ഒർജിലിനെ വെല്ലുന്ന ചുണ്ടൻവള്ളങ്ങളുടെ മോഡൽ. മറിയപ്പള്ളി റോഡരികിയാണ് ഈ കലാകാരൻ വള്ളവുമായി വിൽപ്പനക്കെത്തിയത്. ചങ്ങനാശേരി, തൃക്കൊടിത്താനം വള്ളിക്കാട്ടിൽ ഷാലു(51) എട്ട് വർഷമായി കരകൗശലവസ്‌തു നിർമാണ മേഖലയിലുണ്ട്. പ്രധാനം വള്ളങ്ങൾ തന്നെ. നോട്ട് നിരോധനസമയം സാമ്പത്തികമായി ബുദ്ധിമുട്ടിലായ സമയത്താണ് വള്ളത്തിന്റെ മിനിയേച്ചർ എന്ന ആശയം ഉദിച്ചത്. ജന്മസിദ്ധമായി കിട്ടിയ കഴിവും ആത്മവിശ്വാസവും കൈമുതലായി. ഇതുവരെ വള്ളത്തിൽ കേറിയിട്ടില്ലാത്ത ഷാലു അന്നു മുതൽ വള്ളങ്ങളുടെ ചെറുമാതൃകകളുടെ നിർമാണം തുടങ്ങി. ചുണ്ടൻ, ചുരുളൻ, ഇരുട്ടുകുത്തി, കൊതുമ്പു വള്ളം, ഹൗസ് ബോട്ട് എന്ന് വേണ്ട വള്ളങ്ങളുടെ ഒമ്പത് വ്യത്യസ്‌ത മാതൃകകളാണ് നിർമിക്കുന്നത്. തേക്ക്, ആഞ്ഞിലി, മഹാഗണി അടക്കമുള്ള തടികളിലാണ് നിർമാണം. രണ്ടര അടിയുള്ള ഒരു വള്ളം നിർമിക്കാൻ ചുരുങ്ങിയത് മൂന്ന് ദിവസം വേണം. വലിയ ചുണ്ടൻ വള്ളങ്ങൾക്കുള്ള ഒന്നാം പങ്കായക്കാൻ നിൽക്കുന്ന ഭാഗം, തുഴക്കാർ ഇരിക്കുന്ന ഭാഗം, ആളോടിപ്പടി, വെടിത്തടി, മുക്കോണ് വള്ളത്തിന്റെ നിറം അടക്കമുള്ള എല്ലാം കാര്യങ്ങളും ഇതിൽ ഉൾപ്പെടും. രണ്ടര മുതൽ 30 അടിവരെ നീളത്തിൽ വള്ളം നിർമിക്കാൻ ഷാലുവിന് കഴിയും. മഹാഗണിയിൽ തീർത്ത ആറരയടി നീളമുള്ള വള്ളത്തിന് 14,000 രൂപയാണ് വില. ബംഗളൂരുവിലെ എലഗൻസ് വിമാനത്താവത്തിലെ ആന്റിക് ഷോപ്പിൽ ഷാലു നിർമിച്ച വള്ളമാണ് വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലും, യൂറോപ്യൻ രാജ്യങ്ങളിലും ഷാലുവിന്റെ കരവിരുതിൽ തീർത്ത വള്ളം എത്തിയിട്ടുണ്ട്. നേരത്തേ തിരുവല്ലയിൽ ആന്റിക് ഷോപ്പ് നടത്തിയിരുന്നു. ഭാര്യ: ബിന്ദുലേഖ. മക്കൾ: ആദിഷ്, അലേഘ ഇരുവരും വിദ്യാർഥികൾ. Read on deshabhimani.com