മതിവരാ കാഴ്‌ചകളുമായി അഞ്ചുകുഴി
എരുമേലി കാറ്റും തണുപ്പുമേൽക്കുന്ന ഒരിടത്ത് ശാന്തമായി ഒറ്റയ്‌ക്കിരിക്കണോ? കൂട്ടിന് വെള്ളച്ചാട്ടത്തിന്റെ ശബ്‌ദവും വനത്തിന്റെ സൗന്ദര്യവുമായാലോ? ഒറ്റക്കാഴ്‌ചയിൽ മനസിനെ അവിടെതന്നെ തളച്ചിടാൻ കഴിയുന്ന ഒരിടമുണ്ട് എരുമേലി കനകപ്പലത്ത്. നിർദിഷ്‌ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുസമീപം സ്ഥിതിചെയ്യുന്ന അഞ്ചുകുഴിയാണ് യാത്രികരുടെ മനംകവരുന്നത്. അതിമനോഹരമായ വെള്ളച്ചാട്ടവും അത് കടന്നെത്തിയാൽ ചെറിയ ക്ഷേത്രവും അതിനോടനുബന്ധിച്ച ചെറുവനവും. ഇവയെല്ലാം ചേർന്ന് സൃഷ്‌ടിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത, സമാനതകളില്ലാത്ത അനുഭൂതി. ചെറുവള്ളി എസ്‌റ്റേറ്റിനുള്ളിലാണ് അഞ്ചുകുഴി സ്ഥിതിചെയ്യുന്നത്. മണിമലയാറിന്റെ കൈവഴിയിലാണ് അഞ്ചുകുഴി വെള്ളച്ചാട്ടം. വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോല ആകർഷിക്കുന്ന ഇടമാണ് അഞ്ചുകുഴി. ഇൻസ്റ്റഗ്രാം റീൽസിലും മറ്റും വൈറലായതോടെ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്. ചേനപ്പാടി ദേവസ്വത്തിനുകീഴിലാണ് ക്ഷേത്രമുള്ളത്, ക്ഷേത്രത്തോടുചേർന്നും, കുറച്ചുമുകളിലായും വെള്ളച്ചാട്ടം കാണാനാകും. ഇരുവശങ്ങളിലും നടപ്പാതയും അരുവിയ്‌ക്കുകുറുകെ നടപ്പാലവും സ്ഥാപിച്ചിട്ടുണ്ട്. വഴി ഇതിലെ എരുമേലി കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിനു മുൻവശത്തുനിന്നും ആരംഭിക്കുന്ന എരുമേലി–-കരിമ്പിൻതോട് റോഡിൽ കനകപ്പലം എംടി ഹൈസ്‌കൂളിനുസമീപമുള്ള റോഡിൽ കൂടി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മണിമല –- ചേനപ്പാടി –- എരുമേലി റോഡിൽ കാരിത്തോടുനിന്നും ബിസി ചെറുവള്ളി എസ്‌റ്റേറ്റ് റോഡിൽ കൂടിയും എത്താനാകും. Read on deshabhimani.com