സിപിഐ എം പാലാ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും
പാലാ സിപിഐ എം പാലാ ഏരിയ പ്രതിനിധി സമ്മേളനം വി ജി സലി നഗറിൽ(പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ) ചൊവ്വാഴ്‌ച ആരംഭിക്കും. രാവിലെ ഒമ്പതിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ. രാവിലെ എട്ടിന് പാലാ തെക്കേക്കരയിലുള്ള എം ശ്രീധരന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് കെ അജി ക്യാപ്‌റ്റനായ ദീപശിഖ പ്രയാണം കെ കെ ഗിരീഷ് ഉദ്‌ഘാടനംചെയ്യും. സമ്മേളനനഗറിൽ എരിയ സെക്രട്ടറി പി എം ജോസഫ് ഏറ്റുവാങ്ങും. തുടർന്ന് പതാക ഉയർത്തൽ, രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന. പത്തിന് പ്രതിനിധിസമ്മേളനം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, അഡ്വ. കെ സുരേഷ്‌കുറുപ്പ്, സി ജെ ജോസഫ്, ടി ആർ രഘുനാഥൻ, ലാലിച്ചൻ ജോർജ്, കെ എം -രാധാകൃഷ്ണൻ, അഡ്വ. റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ പങ്കെടുക്കും. ഏരിയയിലെ 10 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുത്ത 145 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനം ബുധനാഴ്‌ചയും തുടരും. 21ന് വൈകിട്ട് നാലിന് ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കൽനിന്ന് ചുവപ്പുസേനാ മാർച്ച്, ബഹുജന റാലി. തുടർന്ന് പൊതുസമ്മേളനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കുരിശുപള്ളി കവല) പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന് മുന്നോടിയായി തിങ്കളാഴ്‌ച വിവിധ ലോക്കലുകളിൽനിന്ന് പതാക, കൊടിമരം, കപ്പി–-കയർ, ബാനർ, ഛായാചിത്രം എന്നിവ ജാഥയായി സമ്മേളന നഗറിൽ സംഗമിച്ചു. പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ ഷാർളി മാത്യു പതാക ഉയർത്തി. Read on deshabhimani.com