ഇന്നും ഉള്ളിൽ ഇരമ്പമായി കടുവാക്കുഴി സമരം
കോട്ടയം സിപിഐ എം ജില്ലാ സമ്മേളനത്തിനായി പുതുപ്പള്ളി ഏരിയയിലെ പാമ്പാടി ഒരുങ്ങുകയാണ്. നിരവധി കമ്യൂണിസ്റ്റ് സമരങ്ങൾക്ക് സാക്ഷിയായ പുതുപ്പള്ളിയിലെ മണ്ണിന് ഇന്നും മറക്കാനാകാത്തതാണ് കടുവാക്കുഴി കർഷകത്തൊഴിലാളി സമരം. മൂന്നുവർഷം നീണ്ടുനിന്ന സമരത്തിന്റെ കഥകൾ തലമുറ വ്യത്യാസമില്ലാതെ സിപിഐ എം പ്രവർത്തകരെ ആവേശം കൊള്ളിക്കുന്നതാണ്. ""അടിമകൾ പോലെ നിന്നവർ ശബ്ദമുയർത്തിയത് ഭൂവുടമകൾക്ക് സഹിക്കാനായില്ല. അവർ അതിനെ അടിച്ചമർത്താൻ പല ക്രൂരതകളും ചെയ്‌തു.'' – അന്ന് സമരത്തിൽ ഒപ്പമുണ്ടായിരുന്ന ഉതിക്കൽ കുഞ്ഞുമോൻ എന്ന സി കെ ജോസഫ് പറഞ്ഞു. പ്രകടനങ്ങളിൽ മുദ്രാവാക്യം വിളിച്ച് മുന്നിൽനിന്നവരിൽ കുഞ്ഞുമോനുമുണ്ടായിരുന്നു. കൂലിവർധന, ആറ് മണിക്കൂർ ജോലി, നെല്ല് എട്ടിനൊന്ന് പതം എന്നീ ആവശ്യങ്ങളുയർത്തിയായിരുന്നു 1970ൽ വാകത്താനം പഞ്ചായത്തിലെ കടുവാക്കുഴി നാലുന്നാക്കൽ പാടശേഖരത്തിൽ കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിലാണ് സമരമാരംഭിച്ചത്. ശക്തമായ സമരം ഒതളക്കാട്, പരവൻകടവ്, കോയിപ്പുറം തുടങ്ങിയ പാടങ്ങളിലേക്കും പടർന്നു. ഭൂവുടമകളുടെ ഗുണ്ടകളും പൊലീസും സമരക്കാരെ അടിച്ചമർത്താൻ ശ്രമിച്ചു. കർഷകത്തൊഴിലാളികളെ നക്‌സലുകളാക്കി മുദ്രകുത്തി ലോക്കപ്പിലടച്ചു. അന്ന് പൊൻകുന്നം സർക്കിളിന് കീഴിലെ കറുകച്ചാൽ സ്‌റ്റേഷനിലാണ് സമരക്കാർക്ക് ലോക്കപ്പിൽ കഴിയേണ്ടി വന്നത്. എആർ ക്യാമ്പിൽനിന്ന് വന്ന പൊലീസായിരുന്നു സമരക്കാരെ നേരിട്ടത്. തൊഴിലില്ലാത്തതിനാൽ അന്ന് കർഷകത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായിരുന്നെന്ന് അന്ന് വിദ്യാർഥിയായിരുന്ന നാലുന്നാക്കൽ വി എം തമ്പി ഓർമിക്കുന്നു. എങ്കിലും കർഷകർ ജാതിമത ഭേദമില്ലാതെ വർഗ ഐക്യത്തോടുകൂടി നിന്നു. സ്‌കൂളിൽ പോകുന്ന സമയത്ത് സമരങ്ങളിൽ പങ്കെടുക്കുമായിരുന്നു. അന്ന് എ കെ ജിയും കെ ആർ ഗൗരിയമ്മയും വാകത്താനത്ത് വന്നതും പ്രസംഗിച്ചതും ഉതിക്കൽ കുഞ്ഞുമോന്റെ ഓർമയിലുണ്ട്. എം കെ രാഘവൻ, കെ എസ് ജേക്കബ്, ഉതിക്കൽ പാപ്പി, എം ജെ കുഞ്ഞൂഞ്ഞുകുട്ടി, കെ സി ജോൺ തുടങ്ങിയവരായിരുന്നു സമരത്തിന് നേതൃത്വം നൽകിയത്. ഉജ്വലമായ സമരത്തിന്റെ മുമ്പിൽ ഭൂപ്രഭുക്കൾ മുട്ടുമടക്കുകയായിരുന്നു. Read on deshabhimani.com