പാലായിൽ നാളെ ട്രാക്ക്‌ ഉണരും



പാലാ കൗമാര കായിക പ്രതിഭകളുടെ പുത്തൻ മുന്നേറ്റം കുറിക്കുന്ന 21–-ാമത്‌ റവന്യു ജില്ലാ സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾ 23നും 24നും 25നും പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തും. 13 ഉപജില്ലകളിൽനിന്ന്‌ 2,200ൽപരം കുട്ടികൾ മേളയിൽ പങ്കെടുക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 99 ഇനങ്ങളിലാണ്‌ മത്സരങ്ങൾ. ഓവറോൾ ട്രോഫിക്കുപുറമേ മികച്ച സ്കൂളിനും ഇത്തവണ ട്രോഫികൾ നൽകും. ഹരിതചട്ടം പാലിച്ചുള്ള മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.    ഈ വർഷം ഒളിമ്പിക്‌സ് മോഡലിലാണ് സംസ്ഥാന മത്സരങ്ങൾ സംഘിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ്‌, ഗെയിംസ്‌ ഇനങ്ങൾക്കൊപ്പം ഭിന്നശേഷിക്കാരുടെ മത്സരങ്ങൾകൂടി ഉൾപ്പെടുത്തിയാണ്‌ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്‌. നാല്‌ വർഷം കൂടുമ്പോൾ  സംഘടിപ്പിക്കുന്ന സ്‌കൂൾ ഒളിമ്പിക്‌സിന്റെ പ്രഥമ മത്സരമാണ്‌ ഇത്തവണ നടക്കുക. റവന്യു ജില്ലയിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടുന്നവർക്ക് നവംബർ നാല്‌ മുതൽ 11 വരെ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ പങ്കെടുക്കാം. ഇതിന്റെ ഭാഗമായി റവന്യു ജില്ലയിലെ ഗെയിംസ്‌ മത്സരങ്ങൾ പാലായിൽ നടത്തിയ ജില്ലാ നീന്തൽ മത്സരത്തോടെ ഇതിനകം പൂർത്തിയായി.    ബുധൻ രാവിലെ 9.30ന്‌ പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന റവന്യു ജില്ലാ കായികമേള മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനംചെയ്യും. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തേൽ അധ്യക്ഷനാകും. 25ന്‌ വൈകിട്ട്‌ ചേരുന്ന സമാപനസമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിജയികൾക്ക്‌ ട്രോഫികൾ വിതരണംചെയ്യും. നഗരസഭാ വൈസ്‌ ചെയർപേഴ്‌സൺ ലീനാ സണ്ണി അധ്യക്ഷയാകും. സ്‌പോർട്‌സ്‌ കോ ഓർഡിനേറ്റർ ബിജു ആന്റണി, സെക്രട്ടറി എബി ചാക്കോ, ജോബി മാത്യു, ആർ രാജേഷ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News