ഉജ്വല പ്രകടനത്തോടെ പാലാ ഏരിയ സമ്മേളനം സമാപിച്ചു
പാലാ ആവേശംവിതറി ചുവപ്പുസേനാ മാർച്ചോടെയും ബഹുജനറാലിയോടെയും സിപിഐ എം പാലാ ഏരിയ സമ്മേളനത്തിന് സമാപനം. ചുവപ്പുസേനാ മാർച്ചും റാലിയും പാലാ ഹെഡ് പോസ്‌റ്റ്‌ഓഫീസ് പടിക്കൽനിന്ന് ആരംഭിച്ചു. വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളുമായി മുന്നോട്ടുനീങ്ങിയ പ്രകടനം പുതുമുന്നേറ്റത്തിന്റെ വിളംബരമായി. പന്ത്രണ്ട് പ്ലാറ്റൂണുകളിലായി വനിതകളടക്കം നാനൂറോളം ചുവപ്പുസേനാംഗങ്ങൾ അണിനിരന്നു. അഡ്വ. എൻ ആർ വിഷ്‌ണു ആയിരുന്നു ഏരിയ ക്യാപ്‌റ്റൻ. വനിതാ പ്ലാറ്റൂണുകളുടെ ഏരിയ ക്യാപ്‌റ്റൻ ജിസ് ജോസഫായിരുന്നു. പ്രകടനം കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കുരിശുപള്ളിക്കവല) അവസാനിച്ചു. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി പി എം ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്, അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗം സജേഷ് ശശി, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ഗായത്രി വർഷ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ ഷാർലി മാത്യു സ്വാഗതം പറഞ്ഞു. ഗാനമാലപിച്ച വിദ്യാർഥി ശ്യാമിന് ഉപഹാരം നൽകി. മുനിസിപ്പൽ ടൗൺഹാളിൽ നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി നാടകം അരങ്ങേറി. Read on deshabhimani.com