വാനോളം ഉയർന്ന സ്വപ്‌നം
വൈക്കം ബാല്യകാലത്ത് അമ്പിളിമാമനെയും നക്ഷത്രങ്ങളെയും അടുത്ത് കാണാൻ ആഗ്രഹിച്ച അഭിജിത്ത് 27–-ാം വയസിൽ ഒരു ടെലസ്‌കോപ്പ് നിർമിച്ചു. കോളേജ് പഠനത്തിനുശേഷം വെൽഡിങ് ജോലിയിലേക്ക് കടന്ന അഭിജിത്ത് ടെലസ്കോപ്പിന്റെ ഏറിയ ഭാഗങ്ങളും സ്വയം വെൽഡ് ചെയ്താണ് നിർമിച്ചത്. ജോലിയിൽനിന്ന് മിച്ചം പിടിച്ച പണം ഉപയോഗിച്ചാണ് ലെൻസ്, സ്റ്റാൻഡ് ഉൾപ്പെടെയുള്ളവ വാങ്ങിയത്. 25,000 രൂപയിലധികം ഇതിനായി ചെലവാക്കി. ഒരുവർഷം മുമ്പ് കാൾ സാഗന്റെ ‘കോസ്മോസ്' എന്ന പുസ്തകം വായിച്ചതോടെയാണ് സ്വപ്നത്തിലേക്കുള്ള യാത്രയ്‌ക്ക് വേഗം കൂടിയത്. പിന്നീട് കൂടുതൽ പുസ്തകങ്ങൾ വായിച്ചു. ഒടുവിൽ സ്വന്തമായി ടെലസ്കോപ് നിർമിക്കാം എന്ന തീരുമാനത്തിലെത്തി. ചെറിയ റിഫ്രാക്ടർ ടെലസ്കോപ്പ് നിർമിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാൽ കാര്യത്തിലേക്ക് കടന്നതോടെ മികച്ച റിഫ്ലക്ടർ ടെലസ്കോപ്പ് തന്നെ നിർമിക്കാനാരംഭിച്ചു. എട്ടുമാസം കൊണ്ടാണ് വർഷങ്ങളായി ഉള്ളിലൊളിപ്പിച്ച സ്വപ്‌നം പൂർത്തിയാക്കിയത്. നാട്ടിലെ കുട്ടികൾ വിണ്ണിലെ വിസ്‌മയം കാണാൻ തന്റെ അരികിലെത്തുന്നത് അഭിമാനമാണെന്നും ഗ്രഹങ്ങളുടെ വിശദമായ നിരീക്ഷണങ്ങൾക്ക് വില കൂടിയ ലെൻസുകൾ സ്വന്തമാക്കാനുള്ള ശ്രമത്തിലാണെന്നും അഭിജിത്ത് പറഞ്ഞു. ചെമ്മനത്തുകര കോടങ്ങാട്ടുതറ വീട്ടിൽ പുരുഷന്റെയും സോമിനിയുടെയും മകനായ അഭിജിത്ത് ഡിവൈഎഫ്ഐ മരോട്ടിച്ചുവട് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്. Read on deshabhimani.com