ജനനി പ്രതീക്ഷയുടെ മുകുളങ്ങൾ
കോട്ടയം സ്വന്തം കുഞ്ഞെന്ന പ്രതീക്ഷ നഷ്‌ടപ്പെട്ട നിരവധി ദമ്പതികളുടെ കരംപിടിക്കുകയാണ് ഹോമിയോപ്പതിവകുപ്പ് വിഭാവനംചെയ്ത സ്വപ്നപദ്ധതിയായ "ജനനി'. "ജനനി'യിലൂടെ ജില്ലയിൽ ജനിച്ചത് 289 കുഞ്ഞുങ്ങൾ. 2012ൽ സംസ്ഥാന സർക്കാർ കണ്ണൂരിൽ ആരംഭിച്ച "അമ്മയും കുഞ്ഞും' വന്ധ്യതാ ചികിത്സാ പദ്ധതി ഇന്ന് ജില്ലയിലും നിരവധിപ്പേരുടെ പ്രതീക്ഷയാണ്. വന്ധ്യതാ ചികിത്സയിൽ ഹോമിയോപ്പതിയുടെ സാധ്യത തെളിയിക്കാൻ സാധിച്ചതോടെ 2019ലാണ് കുറിച്ചി സർക്കാർ ഹോമിയോ മെഡിക്കൽ കോളേജിൽ "ജനനി' പദ്ധതി ആരംഭിച്ചത്. ദമ്പതികളുടെ വന്ധ്യതയ്ക്ക് കാരണം കണ്ടെത്തി ചികിത്സ നൽകുന്നതാണ് രീതി. 2019- –-2024വരെയുള്ള കണക്കുകൾ പ്രകാരമാണ്- 289 കുഞ്ഞുങ്ങൾ. ഗർഭാവസ്ഥയിലുള്ളവരും നിരവധി. 19 വർഷമായി കുട്ടികളില്ലാത്ത ദമ്പതിമാർക്കും ഇവിടുത്തെ ചികിത്സയിൽ കുഞ്ഞുങ്ങൾ ജനിച്ചു. ഇതരസംസ്ഥാനക്കാരും കുറിച്ചിയിൽ ചികിത്സതേടിയെത്തുന്നു. ഒപി മാത്രമാണ് ഇവിടെയുള്ളത്. ദിവസവും രണ്ട് ഒപികൾ പ്രവർത്തിക്കുന്നു. ദിവസം രണ്ട് ഡോക്‌ടർമാരുടെ സേവനവുമുണ്ട്. ഒപി ടിക്കറ്റിന് മാത്രമേ പണം നൽകേണ്ടതുള്ളു. മരുന്നുകൾ സൗജന്യമാണ്. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഒപി പ്രവർത്തിക്കും. രാവിലെ ഒമ്പതുമുതൽ പകൽ രണ്ടുവരെയാണ് സമയം. ഡോ. അപ്പു ഗോപാലകൃഷ്ണൻ(കൺവീനർ), ഡോ. ജെ ജോബി(കോ –-കൺവീനർ), ഡോ. വി എസ് ജയ, ഡോ. ശാന്തി മറിയം, ഡോ. അശ്വതി ചന്ദ്രൻ, ഡോ. ഇ ആർ ബിന്ദു എന്നിവരാണ് ചികിത്സയ്‌ക്ക് നേതൃത്വംനൽകുന്നത്. ബുക്കിങ്ങിന് ഫോൺ: 0481 2434343. Read on deshabhimani.com