‘ഇ –നാട്‌ ’ യുവജനസംഘത്തിന്റെ ഭക്ഷ്യോൽപന്നങ്ങൾ വിപണിയിൽ



കോട്ടയം വെളിയന്നൂർ "ഇ -നാട്'  യുവജന സഹകരണ സംഘത്തിന്റെ ഭക്ഷ്യോൽപന്നങ്ങൾ വിപണിയിലേക്ക്‌ എത്തി. "സാറ്റിസ് ബൈറ്റ് ഫുഡ് പ്രൊഡക്ട്‌സ്‌'  എന്ന പേരിൽ ദോശമാവ്, പുളിയിഞ്ചി, വിവിധ ഇനം അച്ചാറുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ എത്തുന്നത്.    പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് സാറ്റിസ് ബൈറ്റ് ഉൽപന്നങ്ങൾ വെളിയന്നൂരിലെ ഇ നാട് ക്യാമ്പസിലുള്ള നിർമാണയൂണിറ്റിൽ തയ്യാറാക്കുന്നത്. ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം.  ഭക്ഷ്യോൽപന്നങ്ങളുടെ വിപണി പ്രവേശം, പഴയിടം മോഹനൻ നമ്പൂതിരിയിൽനിന്ന് ഉൽപന്നങ്ങൾ ഏറ്റുവാങ്ങി മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. യുവതലമുറയിൽ സംരംഭക സംസ്‌കാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാന സർക്കാരിന്റെയും സഹകരണവകുപ്പിന്റെയും  പ്രവർത്തനങ്ങളുടെ വിജയമാണിതെന്ന് മന്ത്രി പറഞ്ഞു. വ്യാപാര ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ ഇ എസ് ബിജു ആദ്യവിൽപന നടത്തി. ഇ- നാട് പ്രസിഡന്റ്‌ സജേഷ് ശശി അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ബി സുരേഷ് കുമാർ സംസാരിച്ചു.   മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിലാണ്‌ വെളിയന്നൂർ ആസ്ഥാനമാക്കി "ഇ- നാട്'  രൂപീകരിച്ചത്‌. യുവജനങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ മുഖ്യലക്ഷ്യം. സജേഷ് ശശി ചീഫ് പ്രമോട്ടറായ ഇ- നാട് സംഘം  മാലിന്യ സംസ്‌കരണം, ജൈവവള നിർമാണം എന്നീ രംഗത്ത്‌  സ്ഥാനമുറപ്പിച്ചിട്ടുണ്ട്‌. 252 ചെറുപ്പക്കാർക്ക് സംഘം നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്നു.  Read on deshabhimani.com

Related News