പിഎഫ് ലോണിൽ ക്രമക്കേടെന്ന പ്രചാരണം അടിസ്ഥാനരഹിതം



ഏറ്റുമാനൂർ പിഎഫ് ലോൺ നടപടിയിൽ ക്രമക്കേടെന്ന് ആരോപിച്ച് കോട്ടയം മെഡിക്കൽ കോളേജ് ഓഫീസിനെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതം. ഈ വിഷയത്തിൽ മെഡിക്കൽകോളേജ് ഓഫീസിന്‌ വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും മെഡിക്കൽ കോളേജിനെ അപകീർത്തിപ്പെടുത്താനും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നഴ്‌സിങ് വിഭാഗത്തിലെ വനിതാ ജീവനക്കാരിയുടെ പിഎഫ് ഫണ്ട് തട്ടിയെടുക്കാൻ ആശുപത്രിയിലെ ഉദ്യോഗസ്ഥർ ശ്രമിച്ചെന്നാണ്‌ വ്യാജപ്രചാരണം.   പിഎഫ് ലോൺ അനുവദിക്കുന്നത് അക്കൗണ്ട് വഴിയാണ്. ഇതിനുള്ള അപേക്ഷ ഓൺലൈൻവഴിയോ നേരിട്ടോ സമർപ്പിക്കാം എന്നാൽ പണം ലഭിക്കണമെങ്കിൽ അപേക്ഷിച്ച ആൾ നേരിട്ടെത്തി രേഖാമൂലം ഒപ്പുവയ്ക്കുകയും ഓഫീസ് നടപടികൾ പൂർത്തിയാക്കുകയും വേണം. കൂടാതെ പണം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലാണ് എത്തുക. എന്നാൽ കഴിഞ്ഞദിവസം വനിതാ ജീവനക്കാരിയുടേത് എന്നപേരിൽ ഒരു ഓൺലൈൻ അപേക്ഷ ഓഫീസിലെത്തുകയും നടപടിക്രമം പൂർത്തീകരിക്കുകയും അവിടെനിന്ന്‌ പണം അനുവദിക്കുകയും ചെയ്‌തു.   അപേക്ഷക തുടർനടപടികൾക്ക് എത്താത്തതിനെതുടർന്ന്‌ ആശുപത്രി ഓഫീസ് ഇവരെ ബന്ധപ്പെടുകയും വിവരം ധരിപ്പിക്കുകയുമായിരുന്നു.  അപ്പോഴാണ് വനിതാ ജീവനക്കാരി ഇത്തരത്തിലൊരു അപേക്ഷ നൽകിയിട്ടില്ലെന്ന് അറിയിക്കുന്നത്. ഇതോടെ നടപടികൾ മരവിപ്പിക്കുകയായിരുന്നു. വിഷയത്തിൽ പ്രിൻസിപ്പൽ അന്വേഷണം നടത്തുകയാണ്. വസ്‌തുത ഇതായിരിക്കെ യാഥാർഥ്യം മറച്ചുവച്ചാണ് ആശുപത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ നടത്തുന്നത്.     Read on deshabhimani.com

Related News