ഏറ്റുമാനൂർ ക്ഷേത്രവികസനത്തിന് മാസ്റ്റർപ്ലാൻ: മന്ത്രി വി എൻ വാസവൻ
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഏറ്റുമാനൂരിൽചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ പദ്ധതികളോടെയാണ് പുതിയത് തയ്യാറാക്കുക. ജനപ്രതിനിധികൾ, ദേവസ്വം, ക്ഷേത്ര ഉപദേശകസമിതി, വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് യോഗം വിളിക്കും. ഇതിൽ പുതിയ മാസ്റ്റർ പ്ലാന്റെ കരട് രേഖ ചർച്ചചെയ്യും. ക്ഷേത്രത്തിന്റെ പെരുമയും പ്രൗഢിയും പ്രകടമാകുന്ന നിലയിലാകും പ്ലാൻ നടപ്പാക്കുക. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പുതിയ ഗോപുരം നിർമിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു. നിർമാണം ഉടൻ ആരംഭിക്കും. ഊട്ടുപുരയും കല്യാണമണ്ഡപവും പുനരുദ്ധരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ശ്രീ കൈലാസ് ഓഡിറ്റോറിയം വിവാഹ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ ശാസ്ത്രീയമായി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പടിഞ്ഞാറെനടയിൽ വിശാലമായ ഗോപുരം നിർമിക്കാൻ പ്രൊപ്പോസൽ തയ്യാറാക്കി. ചുവർചിത്രങ്ങളുടെ പഴമ നിലനിർത്തി അവ സംരക്ഷിക്കാനുള്ള നടപടികൾ നടക്കുകയാണ്. ഇതിനായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡിജിറ്റിലൈസേഷന്റെ ഭാഗമായി സ്ഥാപിച്ച ക്യുആർ കോഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. Read on deshabhimani.com