സംവരണത്തിന്റെ ഉപവർഗീകരണം സംഘർഷത്തിനിടയാകും: പുന്നല ശ്രീകുമാർ
കോട്ടയം പട്ടികവിഭാഗ സംവരണത്തിലെ ഉപവർഗീകരണം പട്ടിക വിഭാഗങ്ങൾക്കിടയിൽ സംഘർഷത്തിനിടവരുത്തുമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെപിഎംഎസ് കോട്ടയം ജില്ലാ നേതൃസംഗമം കെപിഎസ് മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരിയായ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെയും നയം രൂപീകരിച്ച് നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതാണ് കോടതി വിധി. ജാതി സെൻസസിന്റെ പ്രസക്തി വർധിപ്പിക്കുന്നതാണ് നിലവിലെ വിധി. വിഭജനത്തിന് ഇടവരുത്തുന്ന സാഹചര്യം മറികടക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണവും സംസ്ഥാന സർക്കാർ നിലപാടും വ്യക്തമാക്കണമെന്നും പുന്നല പറഞ്ഞു. സംസ്ഥാന ട്രഷറർ അഡ്വ. എ സനീഷ്കുമാർ അധ്യക്ഷനായി. അഖിൽ കെ ദാമോദരൻ, മനോജ് കൊട്ടാരം, അജിത്ത് കല്ലറ, കെ കെ കൃഷ്ണകുമാർ, ശ്രീജിനി സജീവ്, രമേശൻ മേക്കനാമറ്റം, ഇ ജി സജീവ്, എം കെ മോഹനൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com