നാടിന്റെ പ്രതിഷേധം ഇരമ്പി
കോട്ടയം കേരളത്തിലെ ട്രെയിൻ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യാത്രക്കാരോട് കനത്ത അവഗണന തുടരുന്ന റെയിൽവേയുടെ നടപടിക്കെതിരെ നാടിന്റെ പ്രതിഷേധം ഇരമ്പി. നാഗമ്പടം മുനിസിപ്പൽ ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്‌റ്റേഷൻ കവാടത്തിൽ സമാപിച്ചു. യോഗം ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ജെയ്‌ക് സി തോമസ് ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം റിജേഷ് കെ ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, കോട്ടയം ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള ബാബു എന്നിവർ സംസാരിച്ചു. രാവിലെ പാലരുവിയ്‌ക്കും വേണാടിനും ഇടയിൽ മെമു ഓടിക്കുകയോ, ഇരു ട്രെയിനുകളിലും ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. വന്ദേഭാരതിനെ കടത്തിവിടാൻ മണിക്കൂറുകളോളം ട്രെയിനുകൾ പിടിച്ചിടുന്നതും യാത്രാദുരിതം വർധിപ്പിക്കുന്നു. ദുരിതം പരിഹരിക്കാൻ റെയിൽവേ തയ്യാറാകാത്ത പക്ഷം വരുംദിവസങ്ങളിൽ സമരം തുടരുന്നതിനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. Read on deshabhimani.com