ജില്ലാ ശാസ്ത്രമേള ചങ്ങനാശേരിയിൽ
ചങ്ങനാശേരി ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളകൾ 31, നവംബർ ഒന്ന് തീയതികളിലായി ചങ്ങനാശേരി എസ്ബി, സെന്റ് ആൻസ് സ്കൂളുകളിൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30ന് പകൽ 11മുതൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ മേള രജിസ്ട്രേഷൻ നടത്തും. 31ന് രാവിലെ ഒമ്പതിന് മേള അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ബീന ജോബി അധ്യക്ഷയാകും. ഒക്ടോബർ 31ന് പ്രവർത്തിപരിചയ- ഐടിമേളകൾ എസ്ബി ഹയർ സെക്കൻഡറി സ്കൂളിലും ഗണിതശാസ്ത്രമേള സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലും നടക്കും. നവംബർ ഒന്നിന് എസ്ബി ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര- ഐടി മേളകളും സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്രമേളയും നടക്കും. ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നായി എ ഗ്രേഡോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ 3500ൽ പരം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥി പ്രതിഭകൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. മേളയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനം പൊതുജനങ്ങൾക്ക് പകൽ രണ്ടുമുതൽ മൂന്നുവരെ കാണാം. മേള സമാപനം ഒന്നിന് വൈകിട്ട് നാലിന് നടത്തും. ഓവറോൾ കരസ്ഥമാക്കുന്ന ഉപജില്ലകൾക്ക് ട്രോഫികളും നൽകും. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, പബ്ലിസിറ്റി കൺവീനർ വർഗീസ് ആന്റണി, ജോമി ജോസഫ്, ബിനു ജോയി, ബിനു എബ്രഹാം, സാജൻ അലക്സ്, എഇഒ സോണി പീറ്റർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com