ഗുഡ്‌സ് ഷെഡ് റോഡിലേക്ക് വഴി തടഞ്ഞു
കോട്ടയം നാഗമ്പടത്തെ ഗുഡ്‌സ് ഷെഡ് റോഡിലേക്കുള്ള പ്രവേശനം റെയിൽവേ തടഞ്ഞതിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ. ഉഴത്തിൽ ലെയ്‌നിൽനിന്ന് ഗുഡ്‌സ് ഷെഡ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വ്യാഴം ഉച്ചകഴിഞ്ഞ് റെയിൽവേ അധികൃതരെത്തി ഇരുമ്പ് കുറ്റികൾ സ്ഥാപിച്ചത്. ഇത് പ്രദേശവാസികൾ പിഴുത് മാറ്റി. കോട്ടയം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിന് സമാന്തരമായി പോകുന്ന ഗുഡ്‌സ് ഷെഡ് റോഡിലേക്ക് പ്രവേശിക്കുന്നത് സുരക്ഷാപ്രശ്‌നമുണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു വ്യാഴം പകൽ 3.30ഓടെ റെയിൽവേ ഉദ്യോഗസ്ഥരെത്തി കുറ്റികൾ നാട്ടിയത്. തുടർന്ന് നാട്ടുകാരും ഉദ്യോഗസ്ഥരുമായി തർക്കമായി. എഴുപത് വർഷമായി ഉപയോഗിക്കുന്ന വഴി അടയ്‌ക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ കുറ്റികൾ നീക്കിയത്. നൂറുകണക്കിന് വീടുകൾ ഉഴത്തിൽ ലെയ്‌നിലുണ്ട്. ഇവർക്ക് നഗരത്തിലേക്ക് പോകാനുള്ള വഴിയാണ് ഗുഡ്‌സ് ഷെഡ് റോഡ്. ജില്ലാ വ്യവസായ കേന്ദ്രം, മാർക്കറ്റിങ് ഫെഡറേഷൻ ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കുമുള്ള വഴിയാണിത്. തോമസ് ചാഴികാടൻ എംപി സ്ഥലത്തെത്തി പ്രദേശവാസികൾക്ക് പിന്തുണയറിയിച്ചു. റോഡ് അടയ്‌ക്കരുതെന്നാവശ്യപ്പെട്ട് 23ന് എംപി ചെന്നൈയിലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചിരുന്നു. കോട്ടയം നഗരസഭയിലെ ഒറ്റപ്പെട്ട വലിയ പ്രദേശത്തേക്കുള്ള റോഡാണിതെന്നും ഏഴ് പതിറ്റാണ്ടായി ഉപയോഗിക്കുന്ന റോഡ് അടയ്‌ക്കാനുള്ള നീക്കം നിർഭാഗ്യമാണെന്നും കത്തിലുണ്ട്. Read on deshabhimani.com