കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും
തലയോലപ്പറമ്പ് കുരുന്നുകളുടെ കലാമാമാങ്കത്തിന് കഥകളുടെ സുൽത്താന്റെ ജന്മനാട്ടിൽ ബുധനാഴ്‌ച തിരിതെളിയും. 13 സബ് ജില്ലകളിൽനിന്ന് 6400 കുട്ടികൾ പങ്കെടുക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സി കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയായ എ ജെ ജോൺ മെമോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയാകും. കലോത്സവത്തിന്റെ വരവറിയിച്ച് തലയോലപ്പറമ്പ് നഗരത്തിൽ നടന്ന വിളംബര ഘോഷയാത്ര വർണാഭമായി. മുത്തുക്കുടകളും സൂര്യകാന്തി പൂക്കളായി മാറിയ കുട്ടികളും ഘോഷയാത്രയ്ക്ക് മിഴിവേകി. ചെണ്ടമേളം, ബാൻഡ് സെറ്റ് തുടങ്ങിയ വാദ്യമേളങ്ങളും ഗരുഡൻ തൂക്കം, തിരുവാതിരകളി, കോലുകളി, മാർഗംകളി, ഒപ്പന, നാടൻപാട്ട്, കൈകൊട്ടിക്കളി തുടങ്ങി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാരൂപങ്ങൾ ഘോഷയാത്രയെ ആകർഷകമാക്കി. ബഷീർ കഥാപാത്രങ്ങളെ പുനർസൃഷ്ടിച്ച പ്ലോട്ടുകൾ ശ്രദ്ധയാകർഷിച്ചു. വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് പുഷ്പമണി ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എൻ ഷാജിമോൾ, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, അംഗങ്ങളായ ഷിജി വിൻസന്റ്, എം ടി ജയമ്മ, അനി ചെള്ളാങ്കൽ, രഞ്ചു ഉണ്ണികൃഷ്ണൻ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ടി രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിനു കെ പവിത്രൻ, എഇഒ ജോളിമോൾ ഐസക്, സ്കൂൾ ഹെഡ്മിസ്ട്രസ് എം മായാദേവി, പ്രിൻസിപ്പൽ എസ് ശ്രീലത, ഫാ. ബെന്നി മാരാമ്പറമ്പിൽ, എസ്എംസി ചെയർമാൻ എം എസ് തിരുമേനി, മുൻ പിടിഎ പ്രസിഡന്റ് എം അക്ബർ എന്നിവർ സംസാരിച്ചു. കലോത്സവം 30-ന് സമാപിക്കും. Read on deshabhimani.com